Tuesday, June 19, 2007

ട്രെയിനില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി

വീണ്ടും ഒരു ട്രെയിന്‍ യാത്ര..നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്‌. ഞാന്‍ സൈഡ് സീറ്റില്‍ പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നു. അപ്പുറത്തെ സീറ്റില്‍ ഒരു അമ്മയും മകളും ഇരിപ്പുണ്ട്. ആകെ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം . രണ്ടു പേരും കൊണ്ടു പിടിച്ച പുസ്തക വായനയിലാണ്‌. അമ്മ ഏതോ മാസിക വായിക്കുന്നു മകള്‍ ഡാന്‍ ബ്രൌണിന്റെ ഏതോ നോവലാണെന്നു തോന്നുന്നു. അല്ലേലും ഈ കൊച്ചുങ്ങള്‍ ട്രയിനില്‍ ഇംഗ്ലീഷ് ബൂക്കേ വായിക്കൂ. ഞാനും ഒരെണ്ണം എടുത്തു ബാഗില്‍ വെക്കണം എന്നു കരുതിയതാണ്‌. മറന്നു പോയി.(നന്നായി)

എനിക്കു ബോറടിച്ചു തുടങ്ങി. രണ്ടു പേരും ഇതിന്നു തന്നെ വായിച്ചു തീര്‍ത്തില്ലെങ്കില്‍ നാളെ മാഞ്ഞു പൊകുമെന്ന പോലെ വായന തന്നെ.ഞാന്‍ പെണ്‍കുട്ടിയെ ഒന്നു സൂക്ഷിച്ചു നോക്കി. കൊള്ളാം തരക്കേടില്ല. കുര്‍ത്തയും ജീന്‍സും വേഷം. ചെറിയ കുട്ടികളുടേതു പോലുള്ള മുഖം . ചെന്നൈയില്‍ ബി.ടെക്കിനു പഠിക്കുകയാവണം. എന്നാലും അവളുടെ ഒരു ജാഡ. ഇത്രയും നേരം ഞാന്‍ അവളെ നോക്കിയിട്ടും ഒന്നു തിരിഞ്ഞു പോലും നോക്കുന്നില്ല. ഇനി എന്റെ പട്ടി നോക്കും അവളെ എന്നു തിരുമാനിച്ചു നോട്ടം മാറ്റിയപ്പോള്‍ ഞാന്‍ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ അമ്മയെയാണ്‌. ചെറുതായി ഒന്നു ചമ്മി. ഞാന്‍ ഒരു വായി നോക്കിയാണെന്നു കരുതി കാണുമോ..? ഇല്ലാ.. ആന്റി എന്നെ നോക്കി ചിരിച്ചു. ഞാനും. ആന്റി എന്നോടു വിശേഷങ്ങളൊക്കെ ചോദിച്ചു. നല്ലൊരു ആന്റി. സംസാരിച്ചിരുന്നു സമയം കുറെ കടന്നു പോയി.ഞാന്‍ ഊഹിച്ച പോലെ അവള്‍ ബി.ടെക് തന്നെ. പക്ഷെ കോഴ്സ് കഴിഞ്ഞു ഇപ്പോ ഏതോ ക്യാമ്പസ് ഇന്റെര്‍വ്യൂനു പോകുന്ന വഴിയാണ്‌.. ഇത്രയൊക്കെ ആയിട്ടും അവള്‍ പുസ്തകത്തിനകത്തു തന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പുസ്തകം ഒക്കെ മടക്കി വച്ചു. എന്നെ നോക്കി ഒന്നു ചിരിച്ചു. "എന്താ പേര്?" എന്ന ചോദ്യത്തോടെ ഞാന്‍ തന്നെ സംസാരം തുടങ്ങി. ബിനി എന്നാണവളുടെ പേര്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കവളോടുള്ള ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞു. ഞാന്‍ വിചാരിച്ച പോലെ ജാഡ ഒന്നുമല്ല. അല്ലേലും ഏതെങ്കിലും പെണ്ണു നമ്മളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളവരെ ജാഡ എന്നു വിളിക്കുന്നത്. അവള്‍ എന്റെ ഓഫീസ് മെയില്‍ ഐഡി ഒക്കെ വാങ്ങിച്ചു. അവളെ ഞാന്‍ എന്റെ കമ്പനിയില്‍ റെഫര്‍ ചെയ്യാമെന്നും ഏറ്റു. പിന്നെ ഞങ്ങള്‍ പല വിഷയങ്ങളെ ക്കുറിച്ചും ഘോരഘോരം ചര്‍ച്ച ചെയ്തു. ചെന്നയിലെ ചൂട്. നാട്ടിലെ മഴ എന്നു വേണ്ട ഞങ്ങളെ ബാധിക്കുന്നതും ബാധിക്കാത്തതുമായ ഒരു പിടി വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാം കേട്ടും ആസ്വദിച്ചും ആന്റിയും ഇരിപ്പുണ്ട്.

രാത്രി ഏകദേശം ഒമ്പതു മണിയായി. അവര്‍ ഭക്ഷണം കഴിക്കാന്‍ എടുത്തപ്പോള്‍ എന്നെയും വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. വര്‍ഷങ്ങളോളം പരിചയം ഉള്ളവരെപ്പോലെ ആയി ഞങ്ങളിപ്പോള്‍. കളിയാക്കലും പാരവെകലും ഒക്കെയായി സമയം നീങ്ങി. എല്ലാവരും കിടന്നെങ്കിലും ഞാനും ബിനിയും സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു പേരുടേയും ഹോബ്ബികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം പരസ്പരം പറഞ്ഞു. അവളോടു സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് ഞാനറിഞ്ഞതേയില്ല. എന്തോ ഒരു അടുപ്പം തോന്നിത്തുടങ്ങി. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ചിന്തകളിലും സമാനത. അവള്‍ക്കും അങ്ങനെത്തന്നെ തോന്നിക്കാണണം. സമയം പാതിരാത്രിയായിട്ടും ഞങ്ങള്‍ കിടന്നില്ല. ആന്റി ഉറക്കം പിടിച്ചിരുന്നു. ഇനീം ലൈറ്റിട്ടിരുന്നാല്‍ മറ്റുള്ളവര്‍ എന്തെങ്കിലും പറയും എന്നു തോന്നിയപ്പോള്‍ "എന്നാല്‍ ഇനി ഉറങ്ങാം" എന്നു ഞാന്‍ തന്നെ പറഞ്ഞു. അവളുടെ മുഖം വാടിയോ..? ഞാന്‍ മുകളിലത്തെ ബര്‍ത്തിലും അവള്‍ മിഡില്‍ ബര്‍ത്തിലുമായി കിടന്നു. സംസാരം കുറച്ചു നേരം കൂടെ തുടര്‍ന്നു എപ്പോഴൊ ഉറങ്ങി.

രാവിലെ ഞാന്‍ എണീറ്റപ്പോഴേക്കും അവര്‍ ഇറങ്ങാന്‍ റെഡിയായി നില്‍ക്കുവാരുന്നു. ഞങ്ങള്‍ യാത്ര പറഞ്ഞു. "ഫോണ്‍ നമ്പറെത്രയാ..?" അവള്‍ ചോദിച്ചു. ഞാന്‍ കൊടുത്തു. അവളുടെ നമ്പറും വാങ്ങി. ട്രയിന്‍ സ്റ്റേഷനില്‍ എത്തി. അവളുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. ആന്റി ഡോറിനടുത്തേക്കു നടന്നു. "വീട്ടില്‍ ചെന്നിട്ടു വിളിക്കാം " എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തലയാട്ടി. ട്രയിന്‍ അകന്നു പോയപ്പോഴും അവള്‍ നോക്കി നില്‍ക്കുന്നത് എനിക്കു കാണാമായിരുന്നു.

റൂമില്‍ ചെന്നു കയറുമ്പോഴും എന്റെ ചിന്ത മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. അവള്‍ എപ്പോ വിളിക്കും എന്ന ആധിയും .ഏതയലും അങ്ങോടു വിളിക്കണ്ട. ആന്റി എന്തു കരുതും..? അങ്കിള്‍ എങ്ങനെയുള്ള ആളാണെന്നും അറിയില്ല.മൊബൈല്‍ അടുത്തു തന്നെ വച്ചു സോഫയില്‍ പോയി കിടന്നു.രാത്രി ഉറങ്ങാതെ ഇരുന്നു കത്തി വച്ചതല്ലേ..ക്ഷീണം ഉണ്ടായിരുന്നു..പതിയെ മയക്കത്തിലേക്കു വീണു.

"ട്രിങ്..ട്രിങ്"

ശബ്ദം ഞാന്‍ കേട്ടോ..? അവളായിരിക്കും..! ചാടിയെണീക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. കയ്യും കാലും അനങ്ങുന്നില്ല. എണീക്കാന്‍ സാധിക്കുന്നില്ല.! ഫോണ്‍ ബെല്‍ ഇപ്പോ നില്‍ക്കും എനിക്കിതെന്തു പറ്റി? എത്ര ശ്രമിച്ചിട്ടും കിടക്കുന്നിടത്തു നിന്നും അങ്ങാന്‍ പോലും സാധിക്കുന്നില്ല. ഈശ്വരാ..!! ഫോണടി നിന്നു. എല്ലാം തീര്‍ന്നു. ഇത്ര നേരം കാത്തിരുന്നിട്ട്..അവളെന്തു കരുതിക്കാണും ..വീട്ടില്‍ എത്തിയ ഉടനെ എന്നോടു സംസാരിക്കാന്‍ വിളിച്ചതാവും.

"ഡാ... എത്ര നേരമായി ആ ഫോണ്‍ അടിക്കുന്നു..?ഒന്നു എടുത്തൂടേ..? മണീ പത്തായി ഇനീം എണീക്കാന്‍ ആയില്ലേ. രാത്രി നേരത്തേ കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല."

ആരാത്..? ഞാന്‍ എണീറ്റു കണ്ണുതിരുമ്മി നോക്കി. ഹാ എല്ലാം ശരിയായോ..? ഇതാര്..ചേച്ചിയോ..? ചേച്ചിയെപ്പോ ചെന്നൈയില്‍ വന്നു..? ങേ..? ഇതെന്റെ വീടാണല്ലോ..?ഞാന്‍ എന്റെ ബെഡ്ഡിലാണല്ലോ..അപ്പോ..അവള്‍ ..ബിനി..ട്രയിന്‍ യാത്ര എല്ലാം സ്വപ്നമായിരുന്നോ..?പതുക്കെ എല്ലാം ക്ലിയറായി വന്നു. തലേന്നു കണ്ട സിനിമയുടെ ഹാങ്ങോവറായിരുനു എല്ലാം.ഛേ സ്വപ്നത്തില്‍ ആണെങ്കിലും ഞാന്‍ എന്തൊക്കെ ആശിച്ചു...? സ്വപന്ത്തിനുള്ളില്‍ ഞാന്‍ വേറെ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടു...?
അല്ലേലും എനിക്കിതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ.

35 comments:

ഉണ്ണിക്കുട്ടന്‍ said...

ട്രെയിനില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി

വീണ്ടും ഒരു ട്രെയിന്‍ യാത്ര..നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്‌. ഞാന്‍ സൈഡ് സീറ്റില്‍ പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നു.

പുതിയ പോസ്റ്റ്

ഏറനാടന്‍ said...

കിനാവിന്റെ നൂലാമാലകള്‍ വരിഞ്ഞുമുറുക്കുമ്പോള്‍ വെളിയില്‍ ചാടുന്ന കനവുപൊട്ടുകള്‍ ഒരുമിച്ചുകൂടി വീണ്ടുമൊരു ബഡാകിനാവിന്‍ കൂട്ടമായല്ലേ ഉണ്ണിക്കുട്ടാ.. (നാമജപം ചെയ്ത്‌ കിടക്കാന്‍ പറഞ്ഞാല്‍ അനുസരിക്കൂല, അനുഭവിക്ക്‌)

Haree | ഹരീ said...

ഞാനൊന്നു ഞെട്ടി... കഥ ശുഭപര്യവസായി ആകുവാണോ ദൈവമേ എന്ന് ചോദിച്ചു പോയി...
ഏതായാലും ഇപ്പോള്‍ എന്തോ ഒരു വല്ലാത്ത സമാധാനം... ;)

അപ്പോള്‍ ശരി, പോയി ഉറങ്ങൂ... ഗുഡ് നൈറ്റ്.
--

വല്യമ്മായി said...

സുന്ദരമായ സ്വപ്നം.

പടിപ്പുര said...

ഉണ്ണിക്കുട്ടോ,
ഉറങ്ങുന്നതിന്ന് മുന്‍പ്‌ മൂന്നാല്‌ ഗ്ലാസ്സ്‌ പച്ചവെള്ളം കുടിച്ചാല്‍ ഈമാതിരി ഭീകര സ്വപ്നങ്ങള്‍ കാണില്ലെന്ന് എവിടെയോ വായിച്ചു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
വായനോക്കീ, ഞരമ്പു രോഗീ ഒറ്റൊന്നിനെ വെറുതേ വിടരുത്..(‌‌‌‌--- ത്തില്‍ ആണേല്‍ പോലും - സസ്പെന്‍സ് കളയുന്നില്ല)

എതായിരുന്നു പടം “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്“???

...പാപ്പരാസി... said...

ഉണ്ണിക്കുട്ടാ,
പറ്റിച്ചല്ലോ!ട്രൈനെന്ന് കേട്ടപ്പ്പളേ എന്റെ ഉള്ളൊന്ന് പിടഞ്ഞു.(ബാബു നമ്പൂതിരി സ്റ്റെയിലില്‍ വായിക്കണേ).എന്തിനാ ഉണ്ണിക്കുട്ടാ കിടക്കാന്നേരം വേണ്ടാത്ത ഓരോന്നും ഓര്‍ക്കുന്നേ!എന്നിരുന്നാലും നല്ല സ്വപ്നം.

ഉണ്ണിക്കുട്ടന്‍ said...

പിന്‍മൊഴിയില്‍ ഇതെന്റെ അവസാന പോസ്റ്റ്. ഇതു വരെ ഉള്ള സേവനത്തിന്‌ പിന്‍മൊഴിക്ക് നന്ദിയുടെ ഒരായിരം വടാമലരുകള്‍ ..ആശംസകളും.

Siju | സിജു said...

"അല്ലേലും എനിക്കിതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ"

അതിനെങ്കിലും യോഗമുണ്ടല്ലോന്നു കരുതി ആശ്വസിക്കാം.. :-)

Dinkan-ഡിങ്കന്‍ said...

ഉണ്ണിക്കുട്ടാ‍, കാണാന്‍ വൈകീടാ. നിന്റെ പേര് ബാച്ചീസില്‍ നിന്ന് വെട്ടാന്‍ തുടങ്ങാരുന്നൂ അപ്പോളാണ് സ്വപ്നയായിരുന്നു എന്ന് പറഞ്ഞത്?
ആരാ ഈ സ്വപ്ന? :)

ഒഫ്.ടൊ
ഇത് യ്യേത് മൊഴീല്‍ക്കാണാവഓ പോവാ...

മാവേലി കേരളം said...

എന്നും ഇത്തരം സ്വപ്നം കണ്ടേച്ചാ ഈ ബ്ലോഗിലു കമന്റിടാന്‍ വരുന്നേ അല്ലേ ഉണ്ണിക്കുട്ടാ. ഇപ്പോഴെങ്കിലും ഇതു വെളിപ്പേടുത്താന്‍ തോ‍ാന്നിയല്ലോ:)

പ്രിയംവദ said...

നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്‌...

ഇത്രയുമായപ്പൊഴെ ഇതു സ്വപ്നമാണെന്നു മനസ്സിലായിരുന്നില്ലെ?.പിന്നെം കണ്ണു ഇറുക്കി പൂട്ടി ബാക്കി കൂടി കണ്ടുവല്ലെ ? :-)
qw_er_ty

Friendz4ever said...

സ്വപ്നങ്ങളാണല്ലൊ നമ്മുടെയൊക്കെ മുതല്‍ക്കുട്ട് അല്ലേ..?
ശ്ശൊ എന്തായാലും പറ്റിച്ചൂട്ടൊ.........
സ്വപ്നങ്ങള്‍ക്ക് എന്ത് ഭംഗിയാ അല്ലേ സുഹൃത്തേ,
നയിസ് മാഷെ,
ഇതൊരു സ്വപ്നമായി തന്നെ കരിതിക്കൊട്ടെ ....:)അഭിനന്തനങ്ങള്‍...!!!

മുരളി വാളൂര്‍ said...

ഉണ്ണീ..... പത്തിരുപത്താറു വയസ്സായിട്ടും ഇപ്പൊഴും ഇങ്ങനത്തെ സ്വപ്നമോ?

സൂര്യോദയം said...

ഉണ്ണിക്കുട്ടാ... സ്വപ്നത്തിനുള്ളിലെ സ്വപ്നം കൊള്ളാം :-)

'അല്ലേലും ഏതെങ്കിലും പെണ്ണു നമ്മളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളവരെ ജാഡ എന്നു വിളിക്കുന്നത്.'
ഒരു പ്രപഞ്ച സത്യം :-)

ബീരാന്‍ കുട്ടി said...

ഉണ്ണീ,
സ്വപ്നം കണുന്നത്‌ ലാവിസായി കണണം എന്നാണ്‌ ബനാന റ്റോക്ക്‌

ഉണ്ണിക്കുട്ടന്‍ said...

വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി. ഈ ഒരു കമന്റോടു കൂടി ഈ ബ്ലോഗ് മറുമൊഴിയിലേക്കു മാറുന്നു. എല്ലാവര്‍ക്കും നന്ദി നമസ്കാരം .

ഉണ്ണിക്കുട്ടന്‍ said...

മറുമൊഴീ...ഇനി എന്നെക്കൂടി കൂട്ടൂ....

അരവിന്ദ് :: aravind said...

ഹാവൂ..
പേടിപ്പിച്ചു കളഞ്ഞല്ലോഡേയ്.
ചെന്നൈയിലേക്ക് ട്രെയിനില്‍ ഒരിക്കലും പോവാത്തതിന് സ്വയം നെഞ്ചത്തടിക്കാന്‍ തുടങ്ങുവാരുന്നു.
സമാധാനം. (നോം സ്ഥിരം ചങ്ങനാശേരി-മദ്രാസ്സ് ബസ്സിലാരുന്നൂ ഗമനം..)

രസായിട്ട് ണ്ട്. :-)

panchena said...

ആലതിയൂര്‍ ഹനുമാ‍നെ പേടി സ്വപ്നം
കാണരുതെ ..പേടി സ്വപ്നം കണ്ടലൊ വാ‍ലു കൊണ്ടു തട്ടി വിടേണേ...

ദില്‍ബാസുരന്‍ said...

അലാക്കിന്റെ സ്വപ്നായിപ്പോയല്ലോ ന്റെ ഉണ്ണ്യേയ് ഇജ്ജ് കണ്ടത്... ഉം എന്തായാലും നന്നായി. നല്ല നെജ്ജപ്പോം അതിസയപ്പത്തിരീം പോലത്തെ സ്വപ്നം. :-)‍

കുറുമാന്‍ said...

ഉണ്ണിക്കുട്ടാ, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ തുടങ്ങുന്ന്നതു തന്നെ, സുന്ദരിയായ ഒരു മദാമ്മയുടേ തോളത്ത് കൈയിട്ട്, ഇടംകൈയ്യാല്‍ (അതോ വലം കയ്യാലോ, കയ്യാലാണെന്നുറപ്പ് അല്ലാതെ ചേര്‍ത്തു പിടിക്കാന്‍ പറ്റില്ലാല്ലോ) ചേര്‍ത്തു പിടിച്ച്, വലം കൈയ്യ്യാല്‍ ഒരു ഹൈനക്കന്‍ ബിയറും നുണഞ്, മഞ്ഞു വീ‍ണ വഴിയിലൂടെ നടക്കുന്നതായിട്ടാണ്. അവിടേയും പണ്ടാരം മണി തന്നെയാ അടിച്ചത്. ഫോണിന്റെ അല്ല, അലാറം....റം......റം.........

തറവാടി said...

ഉണ്ണിക്കുട്ടാ , :)
വിവരണം കൊള്ളാം

ഇടിവാള്‍ said...

ഉണ്ണീ‍ീ‍ീ‍ീ‍ീ.. (കവിയൂര്‍ പൊന്നമ്മ സ്റ്റയില്‍):

സ്വപ്നം കാണുമ്പോ അല്പം ലാവിഷായി കാണരുതോ? ട്രെയിന്‍ കമ്പാര്‍ട്ട് കാലിയാണു.. ബിനിയും അവളുടെ അമ്മയും ഉണ്ണിക്കുട്ടനും മാത്രം !!

ച്ഛേ! എന്തിനാ ആ പാവം അമ്മയെക്കൂടി വേഷം ക്ര്ട്ടിച്ചു കൊണ്ടന്നേ?

നിങ്ങളു രണ്ടാളു മാത്രമായിരുന്നേള്‍, വായിക്കുന്ന നമുക്കെങ്കിലും അല്പം രസവും സംഭാരവും കിട്ടിയേനേ,..

ഇതു ചതിയായിപ്പോയി ;)

മിനിക്കുട്ടി said...

വിവരനം നന്നാഇരുന്നു...ഇനി ഇതുപൊലതെ സ്വൊപ്നം കാണട്ട....ഞാനും റ്റ്രൈനില്‍ ഉന്ദ്റ്റാഇരുന്നാപൊലെ തൊന്നിa

ആഷ | Asha said...

ഉണ്ണിക്കുട്ടോയ് ഇതൊരു സ്വപ്നമായി തോന്നുന്നില്ല വായിച്ചിട്ട്
സത്യം പറ :)

Manu said...

ഉണ്ണിക്കുട്ടോ.... ചേച്ചിക്കൊരു സമ്മാനം കൊടുക്കണം.... അന്നേരം വിളിച്ചൊണര്‍ത്തീല്ലാരുന്നേല്‍ വല്ല കൊയപ്പോമായിപ്പോയേനേ....

റ്റൈറ്റില്‍ മാറ്റി സ്വപ്നത്തില്‍ കണ്ട പെണ്‍കുട്ടീടെ തള്ള എന്നെങ്ങാനും ആക്കിക്കൂടേ... ഇത് ബാച്ചികള്‍ക്ക് മുഴുവന്‍ അപമാനമായ ഒരു പക്കാ റൊമാന്റിക് സ്റ്റൈല്‍...ഞാന്‍ എടുത്തുചാടി ഓടി...

ഉണ്ണിക്കുട്ടന്‍ said...

മനൂ ബാച്ചികള്‍ക്ക് റൊമാന്‍സാവാമെന്നും തലേല്‍ ആവാതെ നോക്കിയാല്‍ മതിയെന്നും പ്രശസ്ത ബാച്ചിയായ ചാത്തന്‍ പറഞ്ഞിട്ടുണ്ട്. :)

സാല്‍ജോ+saljo said...

ഹ ഹ ...ഹ ഹ...അതുകൊള്ളാ‍ാ‍ാ‍ാം... ഇസ്റ്റായി ഓനെ ഉന്നികൃസ്നാ...

ഓ.ടോ.: പ്രിയംവദക്കും, സിജുവിനും ഓരോ മാര്‍ക്ക് ഇവിടെ കൊടുത്തു!

ഡിങ്കൂസ്, അവിടിട്ട പോസ്റ്റിന്റെ അടുത്ത ലൈന്‍ ഇതിലെ വലിച്ചോളൂ...

സാല്‍ജോ+saljo said...

വായിച്ചു തിരിച്ചു പോയപ്പഴാ ഒരു ഡൌട്ട്...

ഇന്നാളുണ്ടായ ഇഷ്യുവിന് ഞാന്‍ മറുപടി ഇട്ടിരുന്നു. (ഇപ്പോഴതവിടെ ഉണ്ടാവാന്‍ വഴിയില്ല)കണ്ടിരിക്കുമല്ലോ....

ന്നാ പിന്നെ കാണാം...

qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

ഉണ്ണിക്കുട്ടാ സ്വപ്നം കൊള്ളാം :-)

ശ്രീ said...

എത്ര മനോഹരമായ... നടക്കാത്ത സ്വപ്നം!!

എന്തായാലും കഥ കലക്കി...

മുക്കുവന്‍ said...

good writting and a good dream tooo..unnikkuttante peru poley manasum unni thanney. :)

സുനീഷ് തോമസ് / SUNISH THOMAS said...

check orkut scrapbook

Abhilash | അഭിലാഷ് said...

ഉണ്ണിക്കുട്ടാ.. കഥയുടെ പകുതിയായപ്പോള്‍ ഞാന്‍‌ വിചാരിച്ചു രണ്ടിന്റെയും കല്യാണവും ആ ട്രയിനില്‍‌ വച്ച് നടക്കും എന്ന്..
ശ്ശൊ... ഞാനും വെറുതെ സ്വപ്നം കണ്ടു....
:-)

[അഭിലാഷങ്ങള്‍‌]