Tuesday, June 19, 2007

ട്രെയിനില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി

വീണ്ടും ഒരു ട്രെയിന്‍ യാത്ര..നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്‌. ഞാന്‍ സൈഡ് സീറ്റില്‍ പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നു. അപ്പുറത്തെ സീറ്റില്‍ ഒരു അമ്മയും മകളും ഇരിപ്പുണ്ട്. ആകെ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം . രണ്ടു പേരും കൊണ്ടു പിടിച്ച പുസ്തക വായനയിലാണ്‌. അമ്മ ഏതോ മാസിക വായിക്കുന്നു മകള്‍ ഡാന്‍ ബ്രൌണിന്റെ ഏതോ നോവലാണെന്നു തോന്നുന്നു. അല്ലേലും ഈ കൊച്ചുങ്ങള്‍ ട്രയിനില്‍ ഇംഗ്ലീഷ് ബൂക്കേ വായിക്കൂ. ഞാനും ഒരെണ്ണം എടുത്തു ബാഗില്‍ വെക്കണം എന്നു കരുതിയതാണ്‌. മറന്നു പോയി.(നന്നായി)

എനിക്കു ബോറടിച്ചു തുടങ്ങി. രണ്ടു പേരും ഇതിന്നു തന്നെ വായിച്ചു തീര്‍ത്തില്ലെങ്കില്‍ നാളെ മാഞ്ഞു പൊകുമെന്ന പോലെ വായന തന്നെ.ഞാന്‍ പെണ്‍കുട്ടിയെ ഒന്നു സൂക്ഷിച്ചു നോക്കി. കൊള്ളാം തരക്കേടില്ല. കുര്‍ത്തയും ജീന്‍സും വേഷം. ചെറിയ കുട്ടികളുടേതു പോലുള്ള മുഖം . ചെന്നൈയില്‍ ബി.ടെക്കിനു പഠിക്കുകയാവണം. എന്നാലും അവളുടെ ഒരു ജാഡ. ഇത്രയും നേരം ഞാന്‍ അവളെ നോക്കിയിട്ടും ഒന്നു തിരിഞ്ഞു പോലും നോക്കുന്നില്ല. ഇനി എന്റെ പട്ടി നോക്കും അവളെ എന്നു തിരുമാനിച്ചു നോട്ടം മാറ്റിയപ്പോള്‍ ഞാന്‍ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ അമ്മയെയാണ്‌. ചെറുതായി ഒന്നു ചമ്മി. ഞാന്‍ ഒരു വായി നോക്കിയാണെന്നു കരുതി കാണുമോ..? ഇല്ലാ.. ആന്റി എന്നെ നോക്കി ചിരിച്ചു. ഞാനും. ആന്റി എന്നോടു വിശേഷങ്ങളൊക്കെ ചോദിച്ചു. നല്ലൊരു ആന്റി. സംസാരിച്ചിരുന്നു സമയം കുറെ കടന്നു പോയി.ഞാന്‍ ഊഹിച്ച പോലെ അവള്‍ ബി.ടെക് തന്നെ. പക്ഷെ കോഴ്സ് കഴിഞ്ഞു ഇപ്പോ ഏതോ ക്യാമ്പസ് ഇന്റെര്‍വ്യൂനു പോകുന്ന വഴിയാണ്‌.. ഇത്രയൊക്കെ ആയിട്ടും അവള്‍ പുസ്തകത്തിനകത്തു തന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പുസ്തകം ഒക്കെ മടക്കി വച്ചു. എന്നെ നോക്കി ഒന്നു ചിരിച്ചു. "എന്താ പേര്?" എന്ന ചോദ്യത്തോടെ ഞാന്‍ തന്നെ സംസാരം തുടങ്ങി. ബിനി എന്നാണവളുടെ പേര്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കവളോടുള്ള ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞു. ഞാന്‍ വിചാരിച്ച പോലെ ജാഡ ഒന്നുമല്ല. അല്ലേലും ഏതെങ്കിലും പെണ്ണു നമ്മളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളവരെ ജാഡ എന്നു വിളിക്കുന്നത്. അവള്‍ എന്റെ ഓഫീസ് മെയില്‍ ഐഡി ഒക്കെ വാങ്ങിച്ചു. അവളെ ഞാന്‍ എന്റെ കമ്പനിയില്‍ റെഫര്‍ ചെയ്യാമെന്നും ഏറ്റു. പിന്നെ ഞങ്ങള്‍ പല വിഷയങ്ങളെ ക്കുറിച്ചും ഘോരഘോരം ചര്‍ച്ച ചെയ്തു. ചെന്നയിലെ ചൂട്. നാട്ടിലെ മഴ എന്നു വേണ്ട ഞങ്ങളെ ബാധിക്കുന്നതും ബാധിക്കാത്തതുമായ ഒരു പിടി വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാം കേട്ടും ആസ്വദിച്ചും ആന്റിയും ഇരിപ്പുണ്ട്.

രാത്രി ഏകദേശം ഒമ്പതു മണിയായി. അവര്‍ ഭക്ഷണം കഴിക്കാന്‍ എടുത്തപ്പോള്‍ എന്നെയും വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. വര്‍ഷങ്ങളോളം പരിചയം ഉള്ളവരെപ്പോലെ ആയി ഞങ്ങളിപ്പോള്‍. കളിയാക്കലും പാരവെകലും ഒക്കെയായി സമയം നീങ്ങി. എല്ലാവരും കിടന്നെങ്കിലും ഞാനും ബിനിയും സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു പേരുടേയും ഹോബ്ബികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം പരസ്പരം പറഞ്ഞു. അവളോടു സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് ഞാനറിഞ്ഞതേയില്ല. എന്തോ ഒരു അടുപ്പം തോന്നിത്തുടങ്ങി. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ചിന്തകളിലും സമാനത. അവള്‍ക്കും അങ്ങനെത്തന്നെ തോന്നിക്കാണണം. സമയം പാതിരാത്രിയായിട്ടും ഞങ്ങള്‍ കിടന്നില്ല. ആന്റി ഉറക്കം പിടിച്ചിരുന്നു. ഇനീം ലൈറ്റിട്ടിരുന്നാല്‍ മറ്റുള്ളവര്‍ എന്തെങ്കിലും പറയും എന്നു തോന്നിയപ്പോള്‍ "എന്നാല്‍ ഇനി ഉറങ്ങാം" എന്നു ഞാന്‍ തന്നെ പറഞ്ഞു. അവളുടെ മുഖം വാടിയോ..? ഞാന്‍ മുകളിലത്തെ ബര്‍ത്തിലും അവള്‍ മിഡില്‍ ബര്‍ത്തിലുമായി കിടന്നു. സംസാരം കുറച്ചു നേരം കൂടെ തുടര്‍ന്നു എപ്പോഴൊ ഉറങ്ങി.

രാവിലെ ഞാന്‍ എണീറ്റപ്പോഴേക്കും അവര്‍ ഇറങ്ങാന്‍ റെഡിയായി നില്‍ക്കുവാരുന്നു. ഞങ്ങള്‍ യാത്ര പറഞ്ഞു. "ഫോണ്‍ നമ്പറെത്രയാ..?" അവള്‍ ചോദിച്ചു. ഞാന്‍ കൊടുത്തു. അവളുടെ നമ്പറും വാങ്ങി. ട്രയിന്‍ സ്റ്റേഷനില്‍ എത്തി. അവളുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. ആന്റി ഡോറിനടുത്തേക്കു നടന്നു. "വീട്ടില്‍ ചെന്നിട്ടു വിളിക്കാം " എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തലയാട്ടി. ട്രയിന്‍ അകന്നു പോയപ്പോഴും അവള്‍ നോക്കി നില്‍ക്കുന്നത് എനിക്കു കാണാമായിരുന്നു.

റൂമില്‍ ചെന്നു കയറുമ്പോഴും എന്റെ ചിന്ത മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. അവള്‍ എപ്പോ വിളിക്കും എന്ന ആധിയും .ഏതയലും അങ്ങോടു വിളിക്കണ്ട. ആന്റി എന്തു കരുതും..? അങ്കിള്‍ എങ്ങനെയുള്ള ആളാണെന്നും അറിയില്ല.മൊബൈല്‍ അടുത്തു തന്നെ വച്ചു സോഫയില്‍ പോയി കിടന്നു.രാത്രി ഉറങ്ങാതെ ഇരുന്നു കത്തി വച്ചതല്ലേ..ക്ഷീണം ഉണ്ടായിരുന്നു..പതിയെ മയക്കത്തിലേക്കു വീണു.

"ട്രിങ്..ട്രിങ്"

ശബ്ദം ഞാന്‍ കേട്ടോ..? അവളായിരിക്കും..! ചാടിയെണീക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. കയ്യും കാലും അനങ്ങുന്നില്ല. എണീക്കാന്‍ സാധിക്കുന്നില്ല.! ഫോണ്‍ ബെല്‍ ഇപ്പോ നില്‍ക്കും എനിക്കിതെന്തു പറ്റി? എത്ര ശ്രമിച്ചിട്ടും കിടക്കുന്നിടത്തു നിന്നും അങ്ങാന്‍ പോലും സാധിക്കുന്നില്ല. ഈശ്വരാ..!! ഫോണടി നിന്നു. എല്ലാം തീര്‍ന്നു. ഇത്ര നേരം കാത്തിരുന്നിട്ട്..അവളെന്തു കരുതിക്കാണും ..വീട്ടില്‍ എത്തിയ ഉടനെ എന്നോടു സംസാരിക്കാന്‍ വിളിച്ചതാവും.

"ഡാ... എത്ര നേരമായി ആ ഫോണ്‍ അടിക്കുന്നു..?ഒന്നു എടുത്തൂടേ..? മണീ പത്തായി ഇനീം എണീക്കാന്‍ ആയില്ലേ. രാത്രി നേരത്തേ കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല."

ആരാത്..? ഞാന്‍ എണീറ്റു കണ്ണുതിരുമ്മി നോക്കി. ഹാ എല്ലാം ശരിയായോ..? ഇതാര്..ചേച്ചിയോ..? ചേച്ചിയെപ്പോ ചെന്നൈയില്‍ വന്നു..? ങേ..? ഇതെന്റെ വീടാണല്ലോ..?ഞാന്‍ എന്റെ ബെഡ്ഡിലാണല്ലോ..അപ്പോ..അവള്‍ ..ബിനി..ട്രയിന്‍ യാത്ര എല്ലാം സ്വപ്നമായിരുന്നോ..?പതുക്കെ എല്ലാം ക്ലിയറായി വന്നു. തലേന്നു കണ്ട സിനിമയുടെ ഹാങ്ങോവറായിരുനു എല്ലാം.ഛേ സ്വപ്നത്തില്‍ ആണെങ്കിലും ഞാന്‍ എന്തൊക്കെ ആശിച്ചു...? സ്വപന്ത്തിനുള്ളില്‍ ഞാന്‍ വേറെ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടു...?
അല്ലേലും എനിക്കിതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ.