Monday, May 14, 2007

ദി ബര്‍ത്തഡെ പാര്‍ട്ടി എസ്കേപ്പ്...

ആദ്യം ചെറിയ കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ട് പിന്നെ വലിയ കമ്പനിയിലേക്ക് പോയ എത്ര പേരുണ്ടിവിടെ..? മിക്കവാറും എല്ലാവരും അങ്ങനെ ആയിരിക്കുമല്ലേ.. ഏതായാലും ഞാന്‍ അങ്ങനെയായിരുന്നു. പഴയ കമ്പനിയില്‍ 30 പേരേ ഉണ്ടായിരിന്നുള്ളൂ. അവിടേ അറിയാതെ ഒന്നു തുമ്മിയാല്‍ , ചുമച്ചാല്‍ "എച്ച്യൂസ്മീ" എന്നു പറയുന്ന സഹവര്‍ക്കേഴ്സ് ഉണ്ടായിരുന്നില്ല..ഏതു കുഞ്ഞിനും ചെയ്യാവുന്ന കാര്യങ്ങള്, ചെയ്തു കഴിഞ്ഞു എന്നു അറിയിക്കുമ്പൊള്‍ .."ക്യൂള്‍ " എന്നുപറയുന്ന മനേജര്‍മാര്‍ ഉണ്ടായിരുന്നില്ല. ഒരു പണിയും ചെയ്യാതേ വെറുതെ ഇരുന്നു മറ്റുള്ളവര്‍ക്കു പണി ഉണ്ടാക്കുന്ന സീനിയേഴ്സ് ഉണ്ടായിരുന്നില്ല..മസാമാസം ഔട്ടിങ്ങ് എന്ന മഹാ ബോറിങ്ങ് പരിപാടി ഉണ്ടായിരുന്നില്ല.. പളാ പളാ തിളങ്ങുന്ന ടൈല്‍സ് ഒട്ടിച്ച ബാത്രൂം ഉണ്ടായിരുന്നില്ല..കൈ കാണിച്ചാല്‍ തനിയെ വെള്ളം വരുന്ന പൈപ്പും മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ തനിയെ ഫ്ലഷ് ചെയ്യുന്ന ക്ലോസെറ്റും ഇല്ലായിരുന്നു.കോര്‍പറേറ്റ് ജാഡകള്‍ ഉണ്ടായിരുന്നില്ല..

പക്ഷെ അവിടെ എല്ലാവര്‍ക്കും എല്ലാവരേം അറിയാമായിരുന്നു. പരസ്പരം സഹായിക്കന്‍ മനസുണ്ടായിരുന്നു. ജൂനിയേഴ്സിനെ പഠിപ്പിക്കാന്‍ സീനിയേഴ്സ് സമയം കണ്ടെത്തുമായിരുന്നു..ഒരോ ദിവസവും ഞങ്ങള്‍ അഘോഷിച്ചിരുന്നു. പുതിയ എന്തെങ്കിലും പഠിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല...വല്ലപ്പോഴും ഉണ്ടാകുന്ന പാര്‍ട്ടികളില്‍ എല്ലവരും ഒന്നു ചേര്‍ന്ന് സന്തോഷിച്ചിരുന്നു

പിന്നെ എന്തിനാടാ ഇത്ര വിഷമിച്ചു കമ്പനി മാറിയത്, പഴയ കമ്പനീത്തന്നെ നിന്നാപ്പോരാരുന്നോ എന്നു ചോദിക്കരുത്..മണിക്കു മണി തന്നെ വേണ്ടേ..

പഴയ കമ്പനിയിലും ഇപ്പോഴുള്ള കമ്പിനയിലും എന്നെ വിടാതെ കൂടെയുണ്ട് ശ്യാം (ശ്യാമിനെ അറിയാത്തവര്‍ എന്റെ കഴിഞ്ഞ പോസ്റ്റ് വായിക്കുക, ആളൊരു സംഭവമാ..!)ഒരേ അക്കൌണ്ടില്‍ ആണെങ്കിലും വേറെ വേറെ പ്രൊജെക്റ്റിലാണ്‌ ഞങ്ങള്‍ .
ഈ മാസം മുതല്‍ അക്കൌണ്ടില്‍ പുതിയ ബോറന്‍ പരിപാടി തുടങ്ങുന്നു. മസാവസാനം ഒരു ദിവസവം ആ മാസം ജന്മ്ദിനം ആഘോഷിക്കുന്ന എല്ലാവരുടേയും കൂടി ഒരു സമൂഹ ജന്മദിനാഘോഷം !. ഈ മാസത്തെ പരിപാടി ഇന്നാണത്രേ.. അസ്സല്‍ ബോറായിരിക്കുമെന്നുറപ്പ്. രെക്ഷെപ്പെടാന്‍ ഒരു മാര്‍ഗവുമില്ല എന്നുള്ളതു കൊണ്ടും ചോക്ലേറ്റ് കേക്ക് എനിക്കിഷ്ടമായതു കൊണ്ടും സംഭവം നടക്കുന്ന കഫറ്റേരിയയിലേക്കു ഞാനും ശ്യാമും കൂടെ നീങ്ങി. സ്ഥിരം ജാഡകള്‍ സ്റ്റേജ് കയ്യടക്കിക്കഴിഞ്ഞു. ഇംഗ്ലീഷില്‍ തമാശ പറയുന്നവന്മാര്‍ .. ! കൂടെ കയ്യും കാലുമില്ലത്ത തുണി ഉടുത്ത കുറേ പെണ്ണുങ്ങളും . മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ ഏറ്റവും പുറകിലുള്ള സീറ്റുകളില്‍ പോയിരുന്നു. പരിപാടികള്‍ തുടങ്ങി.

ഏതോ ഒരു കളിയാണത്രേ.. പാമ്പാണോ എലിയാണോ നല്ലതെന്നു പൈത്തഗോറസ് തിയറം വെച്ചു പ്രൂവ് ചെയ്യണം പോലും ! (അങ്ങനെയാണ്‌ എനിക്കു മനസിലായത്..) ഏറ്റവും നന്നയി പറയുന്നവനു സമ്മാനം .എലിയും പൈത്തഗോറസും തമ്മില്‍ എന്തു ബന്ധം ! ഏതായാലും മത്സരിക്കന്‍ ആളിനൊരു കുറവുമില്ല. മൈക്ക് കിട്ടിയതും പഠിച്ചു വച്ച പോലെ അവന്മാര്‍ പറഞ്ഞു തുടങ്ങി. പൈത്തഗോറസിനെ എലി ഓടിച്ചിട്ടെന്നോ അപ്പൊ പാമ്പു കടിച്ചെന്നോ..,"പൈത്തഗോറസ് വെള്ളമടിച്ചാല്‍ പാമ്പാകാന്‍ പറ്റും പക്ഷെ എലിയാവന്‍ ഇത്തിരി പുളിക്കും.." എന്തൊക്കെയോ പറഞ്ഞു തകര്‍ക്കുകയാണൊരുത്തന്‍ . അതു കേട്ടു ചിരിക്കനും ഉണ്ടു വേറെ കൊറെ എണ്ണം. ഞാനും ശ്യാമും പരസ്പരം നോക്കി.ഒരു പീസ് ചോക്ലേറ്റ് കേക്കിനു വേണ്ടി ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റില്ല. എങ്ങനാ ഒന്നു മുങ്ങുക?ശ്യാമൊരു ഐഡിയ പറഞ്ഞു മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യിച്ചിട്ട് "ഹെലോ" എന്നും പറഞ്ഞു നടക്കുക. കൊള്ളാം .പക്ഷെ ഐഡിയയുടെ പേറ്റന്റ് അവനായതു കൊണ്ട് അവനാദ്യം പോകുമത്രേ.

സമ്മതിക്കാതെ തരമില്ലല്ലോ..കോപ്പിറൈറ്റ് പ്രശ്നമല്ലേ. ഇനി ഇപ്പൊ ഞാന്‍ എന്തു ചെയ്യും അവന്റെ ഐഡിയ തന്നെ ഉടനേ ഇറക്കിയാല്‍ എല്ലാവര്‍ക്കും മനസിലാകേം ചെയ്യും . ശ്യാം അവന്റെ പ്ലാന്‍ നടപ്പാക്കാന്‍ റെഡിയായി. ഫോണ്‍ കയ്യിലെടുത്തതും .. റിങ്ങ് ചെയ്യാന്‍ തുടങ്ങി.. അവന്റെ ഫോണ്‍ അല്ല..എന്റെ..!! ഞാന്‍ ഫോണ്‍ എടുത്തു നോക്കി കമ്പനയില്‍ തന്നെ ഉള്ള എന്റെ മറ്റൊരു ഫ്രണ്ട് അരുണ്‍ എന്നെ വിളിക്കുകയാണ്‌. ഞാന്‍ ഫോണും കയ്യിലെടുത്ത് ഒരൊറ്റ നടത്തം "എന്ത്..ഇപ്പൊഴോ..ആ..ഞാന്‍ വരുന്നു" എന്നും പറഞ്ഞും കൊണ്ട്. റെസിപ്പി മോഷണം പോയ അണ്ണാന്റെ പോലെ നിന്ന ശ്യാമിന്റെ "ഡാ തെണ്ടീ..നിക്കടാ" തുടങ്ങിയ പതിഞ്ഞ നിലവിളി കേള്‍ക്കാത്ത പോലെ ഒറ്റക്കുതിപ്പിനു ഞാന്‍ കഫറ്റേരിയായ്ക്കു പുറത്തെത്തി. അരുണ്‍ പുറത്തു തന്നെ നില്പുണ്ടായിരുന്നു.

എന്റെ ചിരിച്ചു കൊണ്ടുള്ള വരവു കണ്ട് കാര്യം തിരക്കിയ അരുണിനോട് ഞാന്‍ കഥയെല്ലാം പറഞ്ഞു. അവനും തുടങ്ങി ചിരി. പാവം ശ്യാം ..അവനേം കൂടെ രക്ഷിച്ചേക്കാം ഞാന്‍ കരുതി. ഞാന്‍ ശ്യാമിന്റെ ഫോണിലേക്കു വിളിച്ചു. കോള്‍ വരുമ്പോള്‍ ഞാന്‍ രക്ഷപെട്ട പോലെ അവനും ഇറങ്ങാമല്ലോ..എന്താണെന്നറിയില്ല അവന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയി. നിമിഷങ്ങള്‍ക്കകം അള്‍ട്രാ മൊഡേണ്‍ തെറികളും വിളിച്ചു കൊണ്ടു ശ്യാമും പുറത്തെത്തി. മലയാളത്തിനു ഇത്രയും വെറൈറ്റി തെറി സമ്പത്തുണ്ടെന്ന് അപ്പോഴാണ്‌ എനിക്കു മനസ്സിലായത്.

അവന്‍ എന്നെ തെറി വിളിച്ചത് ഞാന്‍ അവന്റെ ഐഡിയ കട്ടെടുത്തതു കൊണ്ടായിരുന്നില്ല.
പിന്നേയോ..അതു ശ്യാമിന്റെ തന്നെ ഭാഷയില്‍ :

"ഡാ നീ ഇറങ്ങിപ്പൊയി 5 മിനിട്ട് കഴിഞ്ഞു ഞാന്‍ പതുക്കെ ഫോണ്‍ എടുത്തു 'ഹലോ എന്ത്..എപ്പോ..?' എന്നൊക്കെ പറഞ്ഞു നടന്നതും ഫോണ്‍ 'കിണി കിണി' എന്നൊരടി തുടങ്ങി. എല്ലാരും തിരിഞ്ഞു നോക്കി. ചമ്മി നാറി. അവനു സഹായിക്കാന്‍ കണ്ട നേരം ..*^$#*%$&^"

അല്ലേലും ഇക്കാലത്തു ഒരു ഉപകാരം ചെയ്യന്നു വച്ചാ...ഇങ്ങനെയൊക്കെയാ..

Thursday, May 03, 2007

പാല്‍ക്കുളങ്ങര പരോപകാരം

ആദ്യമായി ജോലി കിട്ടിയത് തിരുവനന്തപുരത്താണ്. മുപ്പതു പേരുള്ള ഒരു ചെറിയ കമ്പനി. കുഞ്ഞൂട്ടന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ശ്യാമും ഞാനും അടക്കം ഞങ്ങള്‍ 5 പേര്‍ ഓഫീസിനടുത്തുള്ള ഒരു കൊച്ചു വീട്ടിലണ്‌ താമസിച്ചിരുന്നത്. കഷ്ടി അഞ്ചു മിനിട്ടു നടക്കാവുന്ന ദൂരമേയുള്ളൂ വീടും ഒഫീസും തമ്മില്‍ .

ഇനി ശ്യാമിനെക്കുറിച്ച്. എവിടെ എങ്കിലും പോയി റെസ്റ്റെടുക്കുന്ന ആപത്തിനെ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം ഉപയോഗിച്ചു കണ്ടെത്തി കോള്‍ ടാക്സി പിടിച്ചു പോയി ക്കൊണ്ടു വരുന്ന ആത്മാര്‍ഥ സുഹൃത്ത് .അവന്റെ കൂടെ നടക്കുമ്പോള്‍ നമ്മള്‍ വളരെ സൂക്ഷിക്കണം . വഴിയില്‍ വെറുതേ നില്ക്കുന്ന മരങ്ങള്‍ ചുമ്മാ മറിഞ്ഞ് തൊട്ടു മുന്നില്‍ വീഴുക. തെളിഞ്ഞു നില്‍ ക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിനെ കാണുന്ന മാത്രയില്‍ അണയുക. ഇനി ഏതെങ്കിലും അണഞ്ഞു കിടക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ താഴെ ഇരുട്ടു കണ്ടു മൂത്രമൊഴിക്കാന്‍ നിന്നാല്‍ അതു പൊടുന്നനെ തെളിയുക ഇതൊക്കെ സിത്യ സംഭവങ്ങള്‍ ആയിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവു പോലെ ഓഫിസിലെ 'കഠിന'മായ ജോലി ഒക്കെ കഴിഞ്ഞു ഞാനും ശ്യാമും കൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.സമയം ഏഴിനോടടുക്കുന്നു.അപ്പോഴാണ്‌ അരണ്ട വെളിച്ചത്തില്‍ ഞാനതു കണ്ടത്. ഒരമ്മൂമ്മ ഇരുട്ടില്‍ വഴിയാറിയാതെ തപ്പിത്തടയുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് കവറുമായി കൂഞ്ഞിക്കൂടിയാണ്‌ ആ പാവം അമ്മൂഅമ്മയുടെ നടപ്പ്. എന്നിലെ മനുഷ്യസ്നേഹി സടകുടഞ്ഞേണിറ്റെങ്കിലും അവനെ ഞാന്‍ വീണ്ടും കിടത്തി ഉറക്കി. വേണ്ട.. ഒന്നാമത് ആ സ്ഥലമൊക്കെ പരിചയമായി വരുന്നേ ഉള്ളൂ. രണ്ടാമത് കൂടെയുള്ളത് ശ്യാമാണ്‌. ഇതെപ്പൊ കോടാലി ആയി എന്നു ചോദിച്ചാല്‍ മതി.

പക്ഷെ ശ്യാം കേസേറ്റെടുത്തു കഴിഞ്ഞിരുന്നു. അവന്‍ ചോദിച്ചു.

"ഡാ നമുക്കാ അമ്മൂമ്മേനെ കൊണ്ടേ വീട്ടിലാക്കാം ...പാവം ഒറ്റക്കു പോയാല്‍ വീടെത്തും എന്നു തോന്നുന്നില്ല.."

"അതു വേണോ..അതിനു നമുക്കു അവരുടെ വീടറിയില്ലല്ലോ.." ഞാന്‍ ചോദിച്ചു.

"അതു അമ്മൂമ്മക്കറിയാല്ലോ"

ഏതായലും ഒരു നല്ലകാര്യമല്ലേ..ചെയ്തേക്കാം ഞാനും കരുതി.

"അമ്മൂമ്മ എവിടെപ്പോയതാ..?" ഞാന്‍ തന്നെ തുടങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് അമ്മൂമ്മ സൂക്ഷിച്ചു നോക്കി. സഹായിക്കാന്‍ വന്നവരാണെന്നു തോന്നിക്കണണം .

"വൈദ്യരുടെ അടുത്തു പോയതാ മോനെ. മരുന്നൊക്കെ വാങ്ങി വന്നപ്പൊ വൈകി"

ഇത്ര പ്രായമായ അമ്മൂമ്മയെ ഒറ്റക്കു വൈദ്യരെക്കാണാന്‍ വിട്ട വീട്ടുകാരോട് ദേഷ്യം തോന്നി.

"അമ്മൂമ്മേനെ ഞങ്ങള്‍ കൊണ്ടു പോയി ആക്കട്ടെ വീട്ടില്.. എവിടേയാ അമ്മൂമ്മേടെ വീട്?"

"പാല്‍ക്കുളങ്ങര"

കേട്ടിട്ടുണ്ട്. നടന്നു പോകാവുന്നതിനേക്കാള്‍ ദൂരമുണ്ട് എന്നു മാത്രം അറിയാം.

ശ്യാം ഇടപെട്ടു."നമുക്കൊരു ഓട്ടോ വിളിക്കാം .. "

അതാ നല്ലത്. ഞാനും കരുതി.

ആദ്യം വന്ന ഓട്ടോയ്ക്കു തന്നെ കൈകാണിച്ചു. കാര്യം കേട്ട ആള്‍ ഒന്നും മിണ്ടാതെ നൂറേ നൂറില്‍ ഓടിച്ചു പോയി. രണ്ടാമതു വന്നവനും ആദ്യം സമ്മതിച്ചില്ലെങ്കിലും ശ്യാമിന്റെ സുവിശേഷം പ്രസംഗം കേട്ടു സമ്മതിച്ചു.

മൂന്നു പേരും ഓട്ടോയില്‍ കയറി. അമ്മൂമ്മയെ ഞങ്ങള്‍ നടുക്കിരുത്തി. അമ്മൂമ്മ പറയുന്ന വഴിയേ പോകാന്‍ ഡ്രൈവര്‍ക്ക് നിര്‍ ദ്ദേശവും നല്‍ കി. പല ഇടവഴികളും താണ്ടി ഓട്ടോ മന്ദമന്ദം നീങ്ങി.
"വലത്തോട്ടു മോനേ" "ഇടത്തോട്ടു മോനെ" അമ്മൂമ്മ പറഞ്ഞു കൊണ്ടിരുന്നു.ഏകദേശം 3-4 കിലോമീറ്റര്‍ കഴിഞ്ഞപ്പൊ അമ്മൂമ്മ പറഞ്ഞു.

"ഇവിടെ മതി. ഇവിടെന്നു വലത്തൊട്ടു പോയാല്‍ മതി ന്റെ വീടാ".

ആശ്വാസത്തോടെ ഞങ്ങളും വലത്തോട്ടു നോക്കി.. അവിടെ വഴി ഒന്നുമില്ലാ ഒരു മതില്‍ മാത്രം!!.

"അവിടെ വഴിയൊന്നുമില്ലല്ലോ അമ്മൂമ്മേ"

"അവിടെ ഒരു വഴീണ്ടാര്‍ന്നല്ലോ..? "

പാവം തീരേ കണ്ണുപിടിക്കുന്നുണ്ടാവില്ല.

"കുറച്ചൂടെ മുന്നിലോട്ടു പോയി നോക്കിയാലോ" ഞാന്‍ ഓട്ടോചേട്ടനോടായി പറഞ്ഞു.

പുള്ളി തിരിഞ്ഞൊരു നോട്ടം.വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി അമ്മൂമ്മ പറഞ്ഞ പോലെ ഉളള വഴിയൊന്നും കണ്ടില്ല. അമ്മൂമ്മ എന്തൊക്കെയോ പിറുപിറുക്കുന്നതല്ലാതെ വ്യക്തമായി ഒന്നും പറയുന്നുമില്ല.

കുഴഞ്ഞോ ഭഗവാനേ!! അവര്‍ക്കു ദിശ പോലും ഓര്‍മയില്ല അല്ലെങ്കില്‍ ഇരുട്ടത്തു കണ്ടു പിടിക്കാന്‍ പറ്റുന്നില്ല. ചോദിക്കാന്‍ ആണെങ്കില്‍ വഴിയിലൊന്നും ഒരു കുഞ്ഞു പോലുമില്ല. എന്താ ചെയ്യുക. വഴിയില്‍ ഇറക്കി വിടാനും പറ്റില്ല. ഓട്ടോചേട്ടന്‍ എന്നെ ഇപ്പോ തല്ലും എന്ന മട്ടില്‍ നില്കുവാണ്. ഞാന്‍ ശ്യാമിനെ നോക്കി. അവന്‍ ഒരുത്തനാണല്ലോ എല്ലാത്തിനും എപ്പോഴും കാരണം .

"ഇവരു ഏതു സ്ഥലമാന്നാ പറഞ്ഞേ" പല്ലു കടിച്ചു ഓട്ടോചേട്ടന്‍ ചോദിച്ചു.

"പാല്‍ക്കുളങ്ങര"

"എന്നാ ഇനി അവരോടു മിണ്ടാതിരിക്കന്‍ പറ..ഞാന്‍ ഓടിച്ചോളം എനിക്കറിയാം സ്ഥലം "

പകുതി ആശ്വസം ആയി. ഓട്ടോ വീണ്ടും ഊടുവഴികള്‍ താണ്ടി യാത്രയായി.

"നിങ്ങള്‍ എന്നെ എങ്ങോട്ടാ കൊണ്ടു പോകുന്നേ..എങ്ങോട്ടാന്ന്.." അമ്മൂമ്മ പരിഭ്രാന്തയായി.

പുലിവാലയി!! അമ്മൂമ്മ എങ്ങാന്‍ ഒച്ചയെടുത്താല്‍ നാട്ടുകാര്‍ കേറി പെരുമാറും..

"ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ തള്ളേ...കൊണ്ടേ ആക്കാം " ഓട്ടോചേട്ടന്‍ അലറി.

അമ്മൂമ്മ പിന്നെ ഒരക്ഷരം മിണ്ടീല്ല. ആരും ഒന്നും പറഞ്ഞില്ല. മുനുഷ്യസ്നേഹം ഭയത്തിനു വഴിമാറി. ഇവരുടെ വീടെങ്ങാന്‍ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ .. ഇവര്‍ ബഹളം ഉണ്ടാക്കി ആളെങ്ങാന്‍ ഓടിക്കൂടിയാല്‍ .. "വൃദ്ധ്യയെ തട്ടിക്കൊണ്ടു പോകന്‍ ശ്രമിച്ച രണ്ടു ചെറുപ്പക്കാരെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു " എന്ന പത്ര തലക്കെട്ടും "യവന്മാര്‍ ക്ക് പ്രായം പോലും ഒരു പ്രശ്നമല്ല.." "നിനക്കുമില്ലേടാ അമ്മൂമ്മയും മുത്തശ്ശിമാരും .. " തുടങ്ങിയ ഡയലോഗുകളും എന്റെ ഭാവനയില്‍ തെളിഞ്ഞു വന്നു.വെറുതേ റൂമില്‍ പോയി മലന്നു കിടക്കണ്ട ഞാനാ..

"ഇതാ പാല്‍ക്കുളങ്ങര..ആ പെട്ടിക്കടയില്‍ ഒന്നു ചോദിച്ചു നോക്ക്"

ക്ഷമനശിച്ച ഓട്ടോക്കാരന്‍ പറഞ്ഞു. ഞാന്‍ കടയിലേക്കു ചെന്നു. കടയില്‍ ഒരു മദ്ധ്യവയസ്കയായ ഒരു സ്ത്രീ.

"ഇവരെ അറിയുമോ ചേച്ചീ" അമ്മൂമ്മയെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.

അവര്‍ കടയില്‍ നിന്നും ഇറങ്ങി ഓട്ടോയുടെ അടുത്തേക്കു വന്നു.

"ഇവരോ..എവിടെന്നു കിട്ടി ഇവരേ" അവരുടെ മുഖത്ത് ആശ്ചര്യചിഹ്നം ..

എന്റെ ശ്വസം നേരെ വീണു.അപ്പോഴാണ്‌ നമ്മുടെ അമ്മൂമ്മ ഈ ചേച്ചിയെ കാണുന്നത്...എന്നിട്ട് ചേച്ചിയോടൊരു ചോദ്യവും

"മോള്‍ ഈ രാത്രി എവിടെ പൊയീരിന്നു മോളേ"..

അതു ശരി വാദി പ്രതിയായോ.

"പ്ഫാ"... ഒരൊറ്റ ആട്ടായിരുന്നു ആ ചേച്ചി.

"പ്രായമായല്‍ മുനുഷ്യര്‍ക്കു പണി ഉണ്ടാക്കാതെ വീട്ടി ഇരുന്നൂടെ തള്ളേ.."

അമ്മൂമ്മയുടെ ചോദ്യം കേട്ട ചേച്ചി വയലന്റ് ആയി. അപ്പൊ അമ്മൂമ്മ ആളു ചില്ലറക്കാരി അല്ല. എന്തായാലും അവരെ അറിയാവുന്ന ഒരാളെ കിട്ടീലോ..

"ചേച്ചി ഇവരെ അറിയുമല്ലേ.." ഞാന്‍ ആശ്വസത്തോടെ ചോദിച്ചു.

"അറിയും മക്കളേ എന്റെ വീടിനടുത്തുള്ളതാ..സുഖമില്ലാത്തവരാ..ഇതെപ്പൊ ഇറങ്ങിപ്പോയോ എന്തോ..നിങ്ങള്‍ പൊക്കൊ...ഞാന്‍ കൊണ്ടെ ആക്കിക്കോളാം ദാ കാണുന്നതാ ഇവരുടെ വീട്...നിങ്ങളെ ദൈവം രക്ഷിക്കും ..നിങ്ങള്‍ കൊണ്ടു വന്നാക്കീല്ലാരുന്നെങ്കില്‍ ..."

അമ്മൂമ്മയെ ആ ചേച്ചിക്കു കൈമറി ഓട്ടോയില്‍ കയറി തിരിച്ചു പോരുമ്പോള്‍ ഞാന്‍ ശ്യാമിനെ ചീത്ത വിളിച്ചില്ല. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.ഞങ്ങളെ നോക്കി ഓട്ടോക്കാരനും. മനസില്‍ എവിടെയോ ഒരു കുളിര്‍ മഴ പെയ്യുകയായിരുന്നു.