Thursday, August 02, 2007

ബാല്യകാല സ്മരണ - ഒന്നാം ക്ലാസ്സ്

സംഭവം നടക്കുന്നത് നോം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോ. എന്നിട്ടും നീയതു ഓര്‍ത്തിരിക്കുന്നല്ലോ ഭയങ്കരാ എന്നാരെങ്കിലും ചിന്തിച്ചോ..? ആരും ഓര്‍ത്തിരുന്നു പോകും ..അത്രേം ആ കുരുന്നു മനസ്സന്നു അപമാന ഭാരത്താല്‍ തകര്‍ന്നു പോയി.വീടിനടുത്തു തന്നെ ഉള്ള സ്കൂള്‍. രണ്ടു ഡിവിഷന്‍. ഒന്നില്‍ എന്റെ അച്ഛന്റെ അനിയത്തി ആയിരുന്നു ടീച്ചര്‍. ക്ലാസിലിരുന്നു 'ആന്റീ എനി‍ക്കു മുള്ളണം' എന്നു പറയുമൊന്നു പേടിച്ചിട്ടാണോ എന്തോ എന്നെ മറ്റേ ക്ലാസിലാണ്‌ ചേര്‍ത്തത്. എന്റെ മൂന്നു ചേച്ചിമാരും പഠിച്ചിരുന്നത് ആ സ്കൂളില്‍ തന്നെ. ഗ്രേസി ടീച്ചര്‍ ആയിരുന്നു എന്റെ ക്ലാസ് ടീച്ചര്‍. ടീച്ചറിന്റെ അനിയന്റെ ഇരട്ട പെണ്‍കുട്ടികളും അതേ ക്ലാസ്സില്‍ തന്നെ. സ്വന്തം അമ്മായി ക്ലാസ് ടീച്ചറായതിന്റെ എല്ലാ വിധ അഹങ്കാരത്തോടും കൂടെ അവര്‍ അവിടെ കഴിഞ്ഞു പോന്നു. എനിക്കാ ചാന്‍സ് തരാതിരുന്ന എന്റെ ആന്റിയോട് എനിക്കന്നു കടുത്ത ദേഷ്യവും ഉണ്ടായിരുന്നു. ഇരട്ടകളും ഞാനും തമ്മില്‍ ഒരു ശീതസമരം നില നിന്നിരുന്നു. ഹേയ് അസൂയ കൊണ്ടല്ല. പണ്ടേ ഞാനൊരു സ്ത്രീ വിരോദ്ധിയായിരുന്നല്ലോ..

ജൂണില്‍ മഴ തകര്‍ത്തു പെയ്ത ഒരു ദിവസം . സ്കൂളില്‍ ടീച്ചര്‍മാര്‍ മിക്കവരും വന്നിരുന്നില്ല. ഒരു ടീച്ചര്‍ക്ക് ര്ണ്ടും മൂന്നും ക്ലാസ്സുകള്‍ നോക്കേണ്ടി വന്നന്നതിനാല്‍ പഠിപ്പില്ല. അതായത് നമ്മളെ സംബന്ധിച്ചടുത്തോളം ഒരു ഉത്സവം. കലപില ശബ്ദങ്ങളും ചൂരല്‍ മേശയിലടിക്കുന്ന ശബ്ദവും അന്തരീക്ഷത്തില്‍ നിറഞ്ഞു.

"ഞാനിപ്പോ വരാം എല്ലാവരും മിണ്ടാതെ ഇരുന്നോളണം ട്ടോ" എന്നും പറഞ്ഞ് ടീച്ചര്‍ പുറത്തേക്കിറങ്ങി.

ആയിക്കോട്ടെ എന്നു ഞങ്ങളും. ചാറ്റ മഴ പോലെ തുടങ്ങിയ ശബ്ദം പെരുമഴയും ഉരുള്‍പൊട്ടലുമൊക്കെ ആയി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. ആരുമില്ല ചീത്ത പറയാനും തല്ലാനും. ചിലര്‍ ക്ലാസിന്റെ പനമ്പു മറയിലുള്ള ചെറിയ ചെറിയ ദ്വാരങ്ങള്‍ ചേര്‍ത്ത് വലിയ ദ്വാരം ഉണ്ടാക്കുന്ന കൈത്തൊഴിലില്‍ ഏര്‍പ്പെട്ടപ്പോള്‍ മറ്റു ചിലര്‍ പോക്കറ്റിലുള്ള ഗോലി, പമ്പരം തുടങ്ങിയ പാഠ്യോപകരണങ്ങള്‍ എടുത്ത് കളി തുടങ്ങി. പൊതുവേ ശാന്ത ശീലരായ ഞങ്ങള്‍ കുറച്ചു പേര്‍ പുതിയൊരു കളി കണ്ടു പിടിച്ചു. ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു. ഓരോന്നും ഒരോ നാട്ടു രാജ്യങ്ങളായി പ്രഖ്യാപിച്ചു. നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു ഈ പുതിയ കളിയുടെ ഹൈലൈറ്റ്. ബെല്‍റ്റ് , പെന്‍സില്, സ്ലേറ്റ് തുടങ്ങിയ മാരക ആയുധങ്ങുളുമായി എല്ലവരും പോരാടി. ഇതു കണ്ട ചില പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പെണ്‍ നാട്ടു രാജ്യം ഫോം ചെയ്തു. അതില്‍ രാഞികളായി നമ്മുടെ ഇരട്ടകളും.

അതോടെ ഞാന്‍ രാജാവും കൂട്ടുകാരന്‍ സന്തോഷ് മന്ത്രിയുമായ ഞങ്ങളുടെ സേന അവര്‍ക്കു നേരെ തിരിഞ്ഞു. കളിയും ചിരിയുമായി നടന്നിരുന്ന യുദ്ധങ്ങള്‍ ഇപ്പോ ചെറിയ വാശിപ്പുറത്തായി. ഝാന്‍സി റാണി ഡബിള്‍ റോളില്‍ വന്ന പോലെ ഇരട്ടകളും വീറോടെ പൊരാടി. എന്റെ സേനയിലെ ചില പെണ്‍കോന്തന്‍മാര്‍ അവരുടെ കൂടെ കൂടിയത് ഞാന്‍ കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല. ബെഞ്ചിന്റെ പുറത്തു കയറി നിന്നു ബെല്‍റ്റ് ചുഴറ്റി "ഞാനാണയിട്ടാല്‍.." സ്റ്റൈലില്‍ നിന്നിരുന്ന എന്റെ അടുത്തേക്കു വരാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല. ഇടക്കിടക്ക് നുറുങ്ങിയ പെന്‍സില്‍ കഷണങ്ങള്‍ കൊണ്ട് ഒരോ അമ്പെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ടി.വി യില്‍ രാമായണവും മഹാഭാരതവുമൊക്കെ വന്നത് എത്ര നന്നായി എന്നു ഞാനോര്‍ത്തു.

ഓര്‍ക്കാപ്പുറത്താണ്‌ എം.ജി.ആര്‍ സ്റ്റൈലില്‍ നിന്നിരുന്ന എന്റെ ബെല്‍റ്റ് ചുരികയില്‍ പിടിച്ച് അരോ ശക്തിയായി വലിച്ചത്. കയ്യില്‍ ഒരു ചുറ്റു ചുറ്റിയിരുന്നതിനാല്‍ ബലന്‍സു പോയി തലേംകുത്തി ഞാന്‍ താഴത്ത്. വീണത് പെണ്‍പടയുടെ ഇടയിലേക്ക്. ഒന്നെഴുന്നേക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. ഒരു യുദ്ധത്തടവു കാരനെ കിട്ടിയ അവര്‍ യതൊരു മയവും കാണിച്ചില്ല. "കളി നിര്‍ത്തി... കളി കഴിഞ്ഞു ..സുല്ല്...വിടെടീ.." എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരട്ടകളുടെ നേതൃത്വത്തില്‍ അവര്‍ പീഡ്ഡനം തുടര്‍ന്നു. ഇരട്ടകളില്‍ ഒരാളുടെ നഖം കൊണ്ട് എന്റെ മുഖത്ത് നീളത്തില്‍ ഒരു വര പോലെ തൊലി പോയി. ചൊര പൊടിയുന്നതു കണ്ടതോടെ കളി കാര്യമായെന്നു മനസ്സിലായ എല്ലാരും പേടിച്ച് പിന്‍വലിയാന്‍ തുടങ്ങി.

വളരെ ചെറിയ മുറിവായതിനാല്‍ ഞാനതറിഞ്ഞേയില്ല. അപ്പോഴാണ്‌ ഗ്രേസി ടീച്ചര്‍ ക്ലാസ്സിലേക്കു കയറി വന്നത്. എന്റെ നില്‍പ്പും ക്ലാസ്സിന്റെ അവസ്ഥയും കണ്ട് എന്തോ കുഴപ്പമുണ്ടായെന്നു തോന്നിയ ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ ഇരട്ടകള്‍ എന്നെ നിര്‍ദ്ദയം പീഡ്ഡിപ്പിച്ചതായി സന്തോഷ് മൊഴി കൊടുത്തു.

പിന്നെ അവിടെ നടന്നത് ഒരു ചൂരല്‍ പായസ്സ വിതരണമായിരുന്നു നമ്മുടെ ഇരട്ടകള്‍ക്ക്. സ്വന്തം കുട്ടികളായതിനാല്‍ ടീച്ചര്‍ വാരിക്കോരി കൊടുത്തു. "ടീച്ചറേ വേണ്ട" എന്നൊക്കെ ഒരു ഫോര്‍മാലിറ്റിക്കു പറഞ്ഞെങ്കിലും മനസ്സില്‍ "അങ്ങനെത്തന്നെ വേണമെടീ"എന്നയിരുന്നു ചിന്ത.
കുറച്ചു കഴിഞ്ഞപ്പോഴാണ്‌ മുഖത്ത് നീറ്റല്‍ തുടങ്ങിയത്. എന്താണെന്നറിയാന്‍ ആന്റിയുടെ അടുത്തു ചെന്നു. അപ്പോഴാണ്‌ മുഖത്ത് അവളുമ്മാരുടെ നഖം കൊണ്ടുണ്ടായ ആ പാട് ആന്റി സ്റ്റാഫ് റൂമിലെ കണ്ണാടിയില്‍ കാട്ടിത്തന്നത്. ഞാനാകെ തകര്‍ന്നു പോയി. എന്തു പറ്റിയെന്നാരെങ്കിലും ചോദിച്ചാല്‍ എന്തു പറയും. പെണ്ണുങ്ങള്‍ മാന്തിയതണെന്നു പുറത്തറിഞ്ഞാല്‍ പിന്നെ പുരുഷനായി ജീവിക്കുന്നതില്‍ എന്തര്‍ഥം ..?
ചേച്ചിമാരുടെയും വീട്ടില്‍ ബാക്കി ഉള്ളവരേയും ഫേസ് ചെയ്യുന്നതോര്‍ത്ത് ആ പിഞ്ചു ഹൃദയം നുറുങ്ങി. കൂട്ടുകാര്‍ ഓള്‍റെഡി പബ്ലിസിറ്റി കൊടുത്തു തുടങ്ങി. മുഖത്തെ ഈ അപമാനത്തിന്റെ പാട് മാറാന്‍ എത്ര ദിവസമെടുക്കുമോ അവോ.. അപമാന ഭാരം പേറിയുള്ള ദിവസങ്ങളായിരുന്നു പിന്നീട്. എന്തിനധികം പറയുന്നു ആ പാട് മുഴുവനായിട്ടു മാറുന്നതു വരെ വീട്ടില്‍ നിന്നല്ല എന്റെ മുറിയില്‍ നിന്നു പോലും ഞാന്‍ പുറത്തേക്കിറങ്ങിയില്ല. കണ്ണാടിയില്‍ തന്നെ നോക്കിയിരുന്നു കഴിച്ചു കൂട്ടിയ ദിവസങ്ങള്‍. ഇപ്പോ അലോചിക്കുമ്പോ ചിരി വരുന്നെണ്ടെങ്കിലും അന്നനുഭവിച്ച മാനസിക പീഠനം ഒരു ഒന്നൊന്നര തന്നെയായിരുന്നു.

ഇപ്പോ ആ ഇരട്ട പെണ്‍കുട്ടികള്‍ ടീച്ചര്‍മാരായി. ഇടക്കു നാട്ടില്‍ വച്ചു കണ്ടാല്‍ ചിരിക്കും . പക്ഷെ എന്റെ ഒരു കൈ അറിയാതെ മുഖത്താ പാടു തപ്പുന്നുണ്ടാവും.

27 comments:

ഉണ്ണിക്കുട്ടന്‍ said...

സംഭവം നടക്കുന്നത് നോം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോ. എന്നിട്ടും നീയതു ഓര്‍ത്തിരിക്കുന്നല്ലോ ഭയങ്കരാ എന്നാരെങ്കിലും ചിന്തിച്ചോ..? ആരും ഓര്‍ത്തിരുന്നു പോകും ..അത്രേം ആ കുരുന്നു മനസ്സന്നു അപമാന ഭാരത്താല്‍ തകര്‍ന്നു പോയി.

ഒരു ബാല്യകല അനുഭവം, പുതിയ പോസ്റ്റ്

Dinkan-ഡിങ്കന്‍ said...

അങ്ങനെ ഒരു പുരുഷമേധാവിത്വപന്നി പിറവി കൊണ്ടു അല്ലെ ഉണ്ണിക്കുട്ടാ? രസികന്‍ (കള്ള)അനുഭവകഥ. കാരണം നീ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്ന് അറിയിക്കാനല്ലെ ഇതിട്ടത്. ഡിങ്കനിത് വിശ്വസിക്കൂല്ലാ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “സ്വയം മുഖം മാന്തീക്കീറീട്ട് പെണ്‍പിള്ളാര്‍ക്ക് തല്ലു വാങ്ങിക്കൊടുത്തതും പോരാ. അതിനു പേറ്റന്റും എടുക്കുന്നാ?“

ഇത് ചാത്തന്റെ കമന്റല്ല ഇവിടിനി വരാന്‍ പോണ വനിതാലോഗ പ്രതിനിധികളുടെ കമന്റാ ഉത്തരം ആദ്യം തന്നെ കണ്ടുപിടിച്ച് വയ്ക്കുന്നതിനു വേണ്ടി ചോര്‍ത്തി ഇവിടിട്ടതാ..

ബയാന്‍ said...

ഉണ്ണിക്കുട്ടാ: അപ്പൊ മുഖത്തു നിരയെ കുരുവാണല്ലേ; മുഖക്കുരു അധികം തൊട്ടുകളിക്കരുത്; കൂടും, വായ്നോട്ടം കുറച്ചാല്‍ കുറയും.

Anonymous said...
This comment has been removed by the author.
Anonymous said...

"കളി നിര്‍ത്തി... കളി കഴിഞ്ഞു ..സുല്ല്...വിടെടീ.." എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും....

നന്നായിട്ടുണ്ട്.

Mr. K# said...

കലക്കി മാഷേ, സത്യസന്ധമായ വിവരണം. ഞാനെങ്ങാനുമായിരുന്നെങ്കില്‍ അവരെ ഒക്കെ ഇടിച്ചു നിരപ്പാക്കി എന്നേ എഴുതുമായിരുന്നുള്ളൂ :-) എന്തായാലും കഥ സൂപ്പര്‍.

അപ്പോ ഇങ്ങനെയാണല്ലേ ആദ്യമായി പെന്മ്പിള്ളേരുടെ കൈയില്‍ നിന്നും തല്ലു കിട്ടിയത്. ബാക്കി കൂടി പോരട്ടെ :-)

Mubarak Merchant said...

കൊള്ളാമെട ഉണ്ണിക്കുട്ടാ.
പണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുമ്പൊ (ഞാന്‍ സ്കൂളില്‍ പോയിട്ടില്ല എന്ന ആരോപണം ഇതിനാല്‍ നിഷേധിക്കുന്നു) ഇതുപോലെ നടത്തിയ ഒരു യുദ്ധത്തിനിടയില്‍ എനിക്ക് നഷ്ടപ്പെട്ടത് പാവം കുട്ടി എന്ന ഇമേജും കൂട്ടുകാരന്‍ അനസിന്റെ തലക്കിട്ട് കുത്താന്‍ ഉപയോഗിച്ച പൊട്ടാസു തോക്കുമാണ്...

ഗുപ്തന്‍ said...

അപ്പം പെണ്ണുങ്ങളുടെ അടിവാങ്ങിക്കുന്ന പരിപാടി ഇപ്പഴെങ്ങും തുടങ്ങിയതല്ല അല്ലിയോ.. നന്നായി. എനിക്കി കൂട്ടിന് അനുഭവജ്ഞാനം ഉള്ള ഒരാളെ ആവശ്യമൊണ്ട്... ന്നു വച്ചാല്‍ വേണ്ടിവരും ന്ന്

മെലോഡിയസ് said...

ഇതിന്റെ പുറകെ എത്ര പെണ്‍ ആക്രമണങ്ങള്‍ ഉണ്ടായി എന്ന്‍ ഓരോ പോസ്റ്റായി വരട്ടെ..

നന്നായിട്ടുണ്ട് ട്ടാ..

ദിവാസ്വപ്നം said...

:-) നല്ല പോസ്റ്റ്


(ഒന്നാം ക്ലാസ് എന്ന് എഴുതിയത് ഇത്തിരിയൊന്ന് കൂട്ടാമോ. മിനിമം ഒരു മൂന്നാം ക്ലാസ് എങ്കിലും)

:-)

ശ്രീ said...

വല്ല കാര്യവുമുണ്ടായിരുന്നോ ഉണ്ണിക്കുട്ടാ...
ച്ഛെ...അപമാനകരമായിപ്പോയി... അല്ലേ....
ഹി ഹി...എന്തായാലും വിവരണം നന്നായി... ഇനി അടുത്തതായി കൊണ്ട അടിയുടെ കഥകളും കൂടി പോരട്ടെ...
:)

കുറുമാന്‍ said...

ഉണ്ണികുട്ടാ, നീയാളു കൊള്ളാമല്ലോ? ജന്മനാ സ്ത്രീ വിരോധിയാ അല്ലെ :)

G.MANU said...

kallakki unni

ഉണ്ണിക്കുട്ടന്‍ said...

ഞാനിതു പ്രതീക്ഷിച്ചു ഒന്നാം ക്ലാസ്സ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്നു. സത്യമായിട്ടും ഒന്നാം ക്ലാസ്സില്‍ വച്ചാ..ബിലീവ് മി. എഴുതിയപ്പോള്‍ ഒരു വിശ്വാസതയ്ക്കു വേണ്ടി മൂന്നാം ക്ലാസ്സാക്കിയാലോ എന്നു കരുതീതാ. പക്ഷെ എന്തു ചെയ്യാം സത്യസന്ധത എന്റെ ഒരു വീക്കനസ്സ് ആയിപ്പോയി..

ഉണ്ണിക്കുട്ടന്‍ said...

ഇക്കാസേ...മൂന്നാം ക്ലാസ്സിലെ ആ 'തോക്ക്' സംഭവത്തോടെയാണോ ഇനി സ്കൂളിന്റെ പടി ഞാന്‍ ചവിട്ടില്ല എന്ന ചരിത്ര പ്രസിദ്ധമയ പ്രഖ്യാപനം നീ നടത്തിയേ..?
[ഇതേ ഗോള്‍ തിരിച്ചടിക്കാന്‍ പാടുള്ളതല്ലാ]

ജാസൂട്ടി said...

പൊസ്റ്റ് നന്നായി...
മാന്തു കിട്ടിയതും നന്നായി...
ഇനിയെങ്കിലും പെങ്കുട്ടികളോട് സൂക്ഷിച്ചും കണ്ടും പെരുമാറുക...:)
ഇത്തരം ബാല്യകാല അനുഭവങ്ങള്‍ കൊണ്ട് ഉണ്ണികുട്ടന്റെ മുഖം കേരളത്തിലെ വികസനം കണ്ടിട്ടില്ലാത്ത റോഡുകള്‍ (കുണ്ടും കുഴിയും ആണുദ്ദേശിച്ചത്) പോലെയായിട്ടുണ്ടാകുമല്ലോ??

ഉണ്ണിക്കുട്ടന്‍ said...

ഡാ ചത്താ വനിതാലോക പ്രതിനിധികളുടെ കമന്റു നീ എങ്ങനെ ചോര്‍ത്തി...? ...ക്ലബ്ബില്‍ നിന്നു സന്പെന്‍ഡ് ചെയ്യണോ നിന്നെ..

അഞ്ചല്‍ക്കാരന്‍ said...

ലളിതമായ വിവരണം. അഭിനന്ദനങ്ങള്‍.

ഉണ്ണിക്കുട്ടന്‍ said...

ഡിങ്കാ.. :) നീ പോടാ..ഞാന്‍ അവിടേക്ക പോയിട്ടുണ്ട്.

ചാത്താ.. :)

ബയാന്‍ :) ദുഷ്ടാ.... എന്റെ മുഖത്ത് ഒരു കുന്നിക്കുരു പോലുമില്ല ..

ഗീതാ :) നന്ദീണ്ട് ട്ടോ നല്ല വക്കുകള്‍ക്ക് :)

കുതിര വട്ടാ :) ഇതെനിക്കു സ്ഥിരം പരിപാടിയായിരുന്നില്ലാ.. പിന്നെ ഒരു ഒരുത്തീം എന്നെ തൊട്ടിട്ടില്ല അറിയാവോ.. :)

ഇക്കാസേ :) മുകളില്‍ ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്..

മനൂ..:) അതിനത്ര വല്യ പാടൊന്നുമില്ല..ചുമ്മ കൊള്ളന്നേയ്..

മെലോഡിയസ് :) ഊം...

ദിവാ..:) എന്റെ സത്യസന്ധതയെ സംശയിച്ചു കളഞ്ഞല്ലോ.. :(.....:)

ശ്രീ .. :) അതു വേണോ..?

കുറൂസേ :) അങ്ങനെ ഒന്നുമില്ലാട്ടോ..ഇതൊക്കെ ഒരു രസം (തക്കളി രസമല്ല)

ജി.മനൂ..പുലീ.. വണക്കം :)

ജസൂ..:) തെറ്റിധരിച്ചു..എന്റെ മുഖം നല്ല റണ്‍വേ പോലെയാ..

അഞ്ചല്‍ക്കാഅരന്‍ :) നന്ദി :)

ജിം said...

പെണ്‍പിള്ളേരുടെ തല്ലു വാങ്ങിയ സ്മരണകള്‍ ഇനിയും പോരട്ടെ മാഷേ.. ;-)
നന്നായിട്ടുണ്ട്.

സാജന്‍| SAJAN said...

ഉണ്ണിക്കുട്ടാ, നന്നായി എഴുതിയിരിക്കുന്നു
ഈ പെണ്‍കുട്ട്യോളുകളുടെ മാന്ത് നീ വാങ്ങാന്‍ തുടങ്ങിയത് ഒന്നാം ക്ലാസ് മുതലാണ് അല്ലേ?:)

സാല്‍ജോҐsaljo said...

കൊള്ളാമല്ലോഡേ ദുഷ്ടാ‍! :)
(ആ മാന്ത് കിട്ടി രൂപം പോയതിനു ശേഷമല്ലേ സ്ത്രീ വിരോധിയായത്?? :)

എന്തായാലും സ്മരണകള്‍ കൊള്ളാം. ഉഗ്രന്‍...

ഓ.ടോ.: സ്മരണവേണം തേവരെ സ്മരണ..

കൊച്ചുത്രേസ്യ said...

ഛെ ലജ്ജാവഹം. ധൈര്യത്തിന്റെ കാര്യത്തില്‍ തച്ചോളി മരുമകന്‍ ചന്തുവാണെന്നു ഞാന്‍ വിചാരിച്ചിരുന്ന ഉണ്ണിക്കുട്ടന്‍ ഇത്രയെയുള്ളോ!!!ഒന്നാം ക്ലാസ്സീന്നെ ഇങ്ങനെയാണെങ്കില്‍ ഇപ്പോള്‍ എങ്ങനെയായിരിക്കും.ചെന്നൈ നഗരത്തിലൂടെ ഓടിനടന്ന്‌ പെണ്‍പിള്ളരുടെ തല്ലുകൊള്ളുകയായിരിക്കും അല്ലേ :-)

ഉണ്ണിക്കുട്ടന്‍ said...

ജിം :) ആ സൈസ് ഇനി എഴുതണ പരിപാടി ഇല്ലാ.. :)

സാജാ...:) അതിനും മുന്‍പേ ഞാന്‍ അങ്ങനാ.. :)

സാല്‍ജോ..:) ശരി തേവരേ.. :)

ഉണ്ണിക്കുട്ടന്‍ said...

കൊച്ചുത്രേസ്യേ..!!! (അലര്‍ച്ച) പെണ്ണുങ്ങള്‍ക്കെതിരെ പാടില്ല പരാക്രമം എന്നു പണ്ടെന്റെ ഗുരുക്കന്‍മാര്‍ ഉപദേശിച്ചതു കൊണ്ടു മാത്രമാണ്‌ ഞാനന്നവരെ വെറുതെ വിട്ടത്. പ്രതികാരം ചെയ്യപ്പെടാനും വേണ്ടെ ഒരു മിനിമം യോഗ്യത..
[വച്ചിട്ടുണ്ട് കേട്ടാ.. :) ]

അരവിന്ദ് :: aravind said...

ഹഹ...രസിച്ചു ഉണ്ണിക്കുട്ടാ..
നല്ലോം ചിരിച്ചു എഴുത്തിന്റെ ശൈലി കാരണം :-)