Monday, September 17, 2007

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - വാര്‍ഷികപോസ്റ്റ്

ഒഫീസില്‍ വെറുതേയിരുന്ന സമയത്ത് എനിക്കു വേറെ എന്തെല്ലാം ചെയ്യാമായിരുന്നു. നല്ല കുറേ ബ്ലോഗ് വായിക്കാമായിരുന്നു. എവിടേങ്കിലും നല്ല അടി നടക്കുന്ന ബ്ലോഗില്‍ പോയി അല്‍പം പെട്രോള്‍ ഒഴിച്ചു കൊടുക്കാമായിരുന്നു. കന്റീനില്‍ പോയി ഒരു ചായ കുടിച്ചാലും മതിയായിരുന്നു പക്ഷെ ഞാനിതൊന്നും ചെയ്തില്ല. പകരം സമയം പോകാന്‍ മറ്റൊരു വിനോദത്തില്‍ ഏര്‍പ്പെട്ടു. പക്ഷെ നമ്മുടെ ടൈം പീസ് ശരിയല്ലങ്കില്‍ വേണ്ടാത്തതല്ലേ തോന്നൂ..ഗൂഗിള്‍ എടുത്ത് "ഉണ്ണിക്കുട്ടന്‍" എന്നു സെര്‍ച്ചു ചെയ്തു. നമ്മുടെ പേരു തപ്പീം ഗൂഗിള്‍ കുറച്ചു നേരം നടക്കട്ടെ ..ഗൂഗിളും എന്നെപ്പോലെ ബോറടിച്ച് ഇരിക്കുവാണെങ്കിലോ..

"ഡു യു മീന്‍ ഉണ്ണിയപ്പം ?"

എന്നു പുള്ളി തിരിച്ചു ചോദിക്കുമെന്നു കരുതിയിരുന്ന ഞാന്‍ ഞെട്ടിപ്പോയി. ദാണ്ടെ പേജു പേജുകളായി കിടക്കുന്നു റിസല്‍ട്ട്. കാര്യം ബ്ലോഗറില്‍ ഞാന്‍ പലയിടത്തും കറങ്ങി നടന്നിട്ട കമന്റുകളാണെങ്കിലും എന്റെ പേരു പലതവണ ഒരു പേജില്‍ തന്നെ ബോള്‍ഡ് ആയി കിടക്കുന്നതു കണ്ടപ്പോള്‍ എനിക്കുണ്ടായ ഒരു ആത്മനിര്‍വൃതി ! ഹോ. ഒരോരോ റിസല്‍ട്ട് ലിങ്കുകളിലായി ഞാന്‍ കയറിയിറങ്ങി. പണ്ടിട്ട പോസ്റ്റുകളും കമന്റുകളുമൊക്കെ ഒന്നു കൂടി വായിക്കാന്‍ നല്ല രസമുണ്ട്. എന്നെക്കുറിച്ച് ചിലരിട്ട ഞാനതു വരെ കാണാതിരുന്ന ചില കമന്റുകളും കാണാന്‍ പറ്റി. ഫില്‍റ്റര്‍ കോഫി എനിക്കിഷ്ടമില്ലാത്തതു കൊണ്ടു ഞാന്‍ ഫില്‍റ്ററുകളൊന്നും ഉപയോഗിക്കാറില്ലല്ലോ..

അങ്ങനെ ഞാന്‍ പറഞ്ഞതും എന്നെ പറഞ്ഞതുമൊക്കെ ഗൂഗിള്‍ സെര്‍ച്ചു റിസല്‍ട്ടുകളില്‍ വായിച്ചു രസിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ കിടക്കുന്നു ഇങ്ങനെ.


അരോ പറഞ്ഞിരിക്കുന്നു :

"ഉണ്ണിക്കുട്ടന്‍ പറയുന്ന പല ഡയലോഗുകളും പ്രായത്തിനും വിവരത്തിനും യോജിച്ചതല്ല"

ഉണ്ണിക്കുട്ടന്‍ എന്ന പേരു കണ്ട ആരെങ്കിലും കരുത്യോ ഞാന്‍ ടോംസിന്റെ കാര്‍ട്ടൂണിലെ പോലെ ഒരു സ്കൂള്‍ കുട്ടിയാണെന്ന്. 26 വയസ്സുള്ള ഒരു മുട്ടാളനാണു ഞാനെന്ന് ഇതു പറഞ്ഞയാളെ എങ്ങനെ അറിയിക്കും? എന്തിനായിരിക്കും അയാളിതു പറഞ്ഞത്..? പല ബ്ലോഗുകളിലും ദിവസവും പോയി ഓഫടിക്കുന്നതിനാല്‍ ഒരു ഐഡിയയും കിട്ടുന്നില്ല.എന്തിനാണു എവിടെയാണു പറഞ്ഞതെന്നറിഞ്ഞിരുന്നെങ്കില്‍ ..ഒരു മറുപടി ടൈപ്പു ചെയ്യാന്‍ എന്റെ കീബോഡ് തരിച്ചു. അപ്പോഴാണു ഞാന്‍ ബ്ലോഗ് ടൈറ്റില്‍ ശ്രദ്ധിച്ചത്.."ചിത്രവിശേഷം". അതു നമ്മുടെ ഹരിയുടെ ബ്ലോഗല്ലേ..എടാ വിരുതാ..ഓര്‍ക്കുട്ടില്‍ എന്റെ സ്ക്രാപ്പ് ബുക്കില്‍ വന്നു എന്താ പോസ്റ്റിടാത്തെ എന്നൊക്കെ ചോദിച്ചു സ്നേഹം കാണിച്ചിട്ടു നീ ഇങ്ങനെ പറഞ്ഞു കളഞ്ഞല്ലോടാ .. ഹരി തന്നെ ആവണം എന്നുമില്ല ആ ബ്ലോഗില്‍ കമന്റിട്ട ആരെങ്കിലുമാവല്ലോ..

നേരെ വച്ചു പിടിച്ചു ഹരിയുടെ സിനിമാ നിരൂപണ ബ്ലോഗായ ചിത്രവിശേഷത്തിലേക്ക്.നൂറു കണക്കിനു പോസ്റ്റുകളുള്ള ബ്ലോഗില്‍ ഞാനിതെവിടെ പോയി തപ്പും. പൈപ്പും റീഡറും ഒന്നും ഉപയോഗിക്കാത്തതിനാല്‍ സെര്‍ച്ചു ചെയ്യുന്നതെങ്ങനാന്നും പിടിയില്ല. കുട്ടിച്ചാത്തനു സംഭവങ്ങള്‍ വിവരിച്ചു ഒരു മെയില്‍ അയച്ചു.പ്രതികാര ദാഹിയായ എന്നെ എങ്ങനെ എങ്കിലും ഒന്നു സഹായിക്കണം എന്നു മെയിലില്‍ പ്രത്യേകം എഴുതിയിരുന്നു. കുറേ നേരം നോക്കി ഇരുന്നിട്ടും മറുപടിയില്ല. അല്ലേ ഒരു മെയില്‍ അയച്ചാല്‍ ടപ്പേന്നു മറുപടി അയക്കുന്നവനാ..

ഇനി ഒന്നും നോക്കാനില്ല. ഹരിയുടെ ഒരോ പോസ്റ്റും എടുത്തു ctrl+F അടിച്ചു സെര്‍ച്ചു ചെയ്യുക തന്നെ. എല്ലാ കമന്റുകളും അരിച്ചു പെറുക്കി സെര്‍ച്ച് ആരംഭിച്ചു. അധികം പോകേണ്ടി വന്നില്ല. കിട്ടി !! പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതു പോലെ കമന്റിലായിരുന്നില്ല ആ വരി... പോസ്റ്റിലായിരുന്നു... ആകാംക്ഷയോടെ ഞാനാ പോസ്റ്റു വായിച്ചു. നന്‍മ എന്ന സിനിമയുടെ റിവ്യൂവില്‍ ആണ്‌. ആ സിനിമയില്‍ ഉണ്ണിക്കുട്ടന്‍ എന്ന ഏതോ ഒരു കഥാപാത്രത്തിനെകുറിച്ചുള്ള ഹരിയുടെ അഭിപ്രായം ആയിരുന്നന്നത്രേ അത് ! ഹരിയെ അപ്പോ കിട്ടിയിരുന്നെങ്കില്‍ ഞാനൊന്നു കൊടുത്തേനെ...മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കന്‍ ഒരോന്നെഴുതി വച്ചോളും. ഹരിക്കു 'ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം' എന്നെഴുതിയിരുന്നെങ്കില്‍ വല്ല കുഴപ്പവുമുണ്ടാകുമായിരുന്നോ..ഏതായാലും ആരും നമ്മളെ കുറ്റം പറഞ്ഞതല്ലല്ലോ അതോര്‍ത്തപ്പോള്‍ വിഷമമെല്ലാം മാറി.

ഓ അശ്വാസായി എന്നു കരുതി ഒന്നു റെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ ചാത്തനു മെയില്‍ അയച്ചിട്ടുള്ള കാര്യം ഓര്‍ക്കുന്നത്. അവനിനി ഇതാരോടെങ്കിലും ചോദിക്കുന്നതിനു മുന്‍പേ കാര്യം പറഞ്ഞേക്കം. അയച്ചു അടുത്തമെയില്‍ പറ്റിയ അബദ്ധവും പറഞ്ഞ്. ഇത്തവണ ഉടനെ മറുപടി വന്നു. ഒരു ചിരിയും 'ഇതൊരു പോസ്റ്റിനുണ്ടല്ലോടാ' എന്നൊരു ആപ്പും. അലോചിച്ചപ്പോ ഇതൊരു പോസ്റ്റാക്കാം എന്നെനിക്കും തോന്നി. സംഭവം നടന്നിട്ടു മാസങ്ങളായിയെങ്കിലും ഇന്നാണ്‌ എഴുതാന്‍ പറ്റിയത്.

മറ്റൊരു കാര്യം കൂടി, എന്റെ ബ്ലോഗിനു ഒരു വയസ്സായ വിവരം ഞാന്‍ തന്നെ ഇന്നാണറിഞ്ഞത്. എന്റെ ബ്ലോഗിന്റെ ഈ ഹാപ്പി ബര്‍ത്തഡേ അവസരത്തില്‍ നല്ലവരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.

37 comments:

ഉണ്ണിക്കുട്ടന്‍ said...

ഒഫീസില്‍ വെറുതേയിരുന്ന സമയത്ത് എനിക്കു വേറെ എന്തെല്ലാം ചെയ്യാമായിരുന്നു. നല്ല കുറേ ബ്ലോഗ് വായിക്കാമായിരുന്നു. എവിടേങ്കിലും നല്ല അടി നടക്കുന്ന ബ്ലോഗില്‍ പോയി അല്‍പം പെട്രോള്‍ ഒഴിച്ചു കൊടുക്കാമായിരുന്നു. കന്റീനില്‍ പോയി ഒരു ചായ കുടിച്ചാലും മതിയായിരുന്നു പക്ഷെ ഞാനിതൊന്നും ചെയ്തില്ല. പകരം ...

എന്റെ ബ്ലോഗിനു ഒരു വയസ്സായ വിവരം ഞാന്‍ തന്നെ ഇന്നാണറിഞ്ഞത്. എന്റെ ബ്ലോഗിന്റെ ഈ ഹാപ്പി ബര്‍ത്തഡേ അവസരത്തില്‍ നല്ലവരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.

ശ്രീ said...

ഉണ്ണിക്കുട്ടാ....

ഓഫടിച്ചു കൊണ്ടാണെങ്കിലും ഒരു വയസ്സു തികയ്ക്കാനിട്ട ഈ പോസ്റ്റിന്‍ നല്ലൊരു മുഴുത്ത തേങ്ങ എന്റെ വക.
“ഠേ!”

അപ്പോ ഹാപ്പി ബര്‍‌ത്ത് ഡേ, ഉണ്ണിക്കുട്ടന്റെ ബ്ലോഗിന്‍.
;)

sandoz said...

കുട്ടാ..കുട്ടാ...ഞുണ്ണിക്കുട്ടാ....
നിനക്കും വയസ്സ്‌ ഒന്നായോ......
കുമ്പളങ്ങി..ഓച്ചന്തുരുത്ത്‌..മുളവുകാടുകാരാ....
നിനക്ക്‌ ഞാന്‍ വച്ചിട്ടൊണ്ട്‌....
സെപ്‌-ആഗസ്റ്റ്‌ കാലം വല്ലാത്തൊരു കാലം തന്നെ...
പഴമക്കാര്‍ ഈ കാലത്തിനെ കന്നിമാസം എന്നു പറയുമോന്നാ എന്റെ പേടി....
വാര്‍ഷികാശംസകള്‍....

മനോജ് കുമാർ വട്ടക്കാട്ട് said...

ഉണ്ണിക്കുട്ടാ, ഇരുപ്പത്തിയാറ് വയസ്സായ മുട്ടാളാ,
ബ്ലോഗ് ജന്മദിനാശംസക(ള്ള്)ള്‍....:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആരോടും പറയരുത് എന്ന് കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടിപ്പോള്‍ നീ തന്നെ പുറത്താക്കിയാ?

ഇനി തെളിവിന് ആ മെയിലിന്റെ ഒക്കെ ഫോട്ടോ കോപ്പി വേണ്ടല്ലോ...

സൈന്‍ഡ് ബൈ കുട്ടിച്ചാത്തന്‍.

ഓടോ: “26 വയസ്സുള്ള ഒരു മുട്ടാളനാണു ഞാനെന്ന്“ മുട്ടാളന്‍ എന്ന് സമ്മതിച്ചു 26 വയതിനലേ സമ്മതിക്കൂല ഒരു 35 എങ്കിലും ആണേല്‍ സമ്മതിക്കാം

വാര്‍ഷികാശംസകള്‍

ഓടോടോ:ഇതെന്താ ചാത്തന്റെ വാര്‍ഷികം എത്താത്തെ!!!

ഉണ്ണിക്കുട്ടന്‍ said...

പൊടാ..ചാത്താ ഞാന്‍ വരുമ്പോഴേ നീ ഇവിടുത്തെ ആസ്ഥാന്‍ ഓഫടിയനാണല്ലോ.. എനിക്കു വാര്‍ഷികമായിട്ടും നിനക്കായില്ലേടാ.. ബ്ലോഗിലും നീ പ്രായം കുറച്ചു കാണിക്കാനുള്ള ശ്രമമാണോ..

സഹയാത്രികന്‍ said...

ഉണ്ണിക്കുട്ടാ.... ഒന്നാം ബ്ളോഗാര്‍ഷികാശംസകള്‍

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോസേ അതെന്താ ..കുമ്പളങ്ങി..ഓച്ചന്തുരുത്ത്‌..മുളവുകാടുകാരാ....
നമ്മുടെ സ്ഥലം കുമ്പളങ്ങി. മറ്റു രണ്ടെണ്ണം അയല്‍രാജ്യങ്ങള്‍ തന്നെ..

ഗുപ്തന്‍ said...

"ഉണ്ണിക്കുട്ടന്‍ പറയുന്ന പല ഡയലോഗുകളും പ്രായത്തിനും വിവരത്തിനും യോജിച്ചതല്ല"

ithu pakshe correct aanallaa =))

hey maashe vaarshikaazamsakal :)

Murali K Menon said...

നീണാല്‍ വാഴട്ടെ...ആശംസകള്‍

(“വീണാല്‍ താഴട്ടെ“ എന്ന് വായിക്കുന്നവരെ ശ്രദ്ധിക്കണ്ട ഉണ്ണിക്കുട്ടാ)

Mubarak Merchant said...

വാര്‍ഷികാശംസകള്‍ കുമ്പ്ലൂ...

മൂര്‍ത്തി said...

(ബ്ലോഗ്)പിറന്നാള്‍ ആശംസകള്‍...

കുഞ്ഞന്‍ said...

ഉണ്ണികുട്ടോ..പെണ്ണുകെട്ടിയാല്‍ കണ്ണുകെട്ടും..

സൊ.. ഹാപ്പി ബ്ലോഗകൊല്ലാശംസകള്‍..(ബ്ലോഗ് കൊല്ലലല്ലാട്ടോ)

ധീര വീര ഉണ്ണിക്കുട്ടാ ധീരതയോടെ മുന്നോട്ട്..

വേണു venu said...

ഉണ്ണിയല്ലെന്നു മനസ്സിലായി. ഒപ്പം ബ്ലോഗും വളര്‍ന്നിരിക്ക്കുന്നു.
ഉണ്ണിക്കുട്ടനു് ആശംസകള്‍‍.:)

സൂര്യോദയം said...

ഉണ്ണിക്കുട്ടാ... കമന്റു കളും ഓഫുകളുമായി ഉണ്ണിക്കുട്ടന്‍ ഈ ബൂലോഗത്തിന്റെ ഉണ്ണിക്കുട്ടനല്ലേ.... മുട്ടാളന്‍ ഉണ്ണിക്കുട്ടാ.. :-)

Haree said...

ഹമ്മേ...
ഞാനോര്‍ത്തു അടി വീണെന്ന്... :)

അപ്പോള്‍ ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍...
മുന്നോട്ടങ്ങിനെ മുന്നോട്ട്...
--

ഏറനാടന്‍ said...

ഉണ്ണിക്കുട്ടാ ബ്ലോഗിലെ ജന്മദിനം നേരുന്നു.. ഒരു 365 ഉണ്ണിയപ്പം നേരുന്നു..

...പാപ്പരാസി... said...

ബ്ളോഗ്ഗിലെ മുട്ടാളന്‌ വാനം മുട്ടോളം ആശംസകള്‍..ചില പ്രശ്നങ്ങള്‍ കാരണം ബ്ളോഗ്ഗില്‍ വന്നിട്ട്‌ മാസങ്ങളൊത്തിരിയായി,പലതും വായിക്കാനും കാണാനും കഴിഞ്ഞില്ല.ഇനി സജീവമാകാമെന്ന പ്രതീക്ഷയോടെ....പാപ്പരാസി.

കൊച്ചുത്രേസ്യ said...

ഹാപ്പി ബര്‍ത്ഡേ ടൂ യൂ ..ഹാപ്പി ബര്‍ത്ഡേ ടൂ യൂ ..ഹാപ്പി ബര്‍ത്ഡേ ടൂ യൂൂൂ ഉണ്ണിക്കുട്ടന്റെ ബ്ലോഗേ...

ഫൂ ഫൂ (പേടിക്കണ്ടാ, മെഴുകുതിരി ഊതിക്കെടുത്തീതാ)

പിന്നെ കീവേഡു സെര്‍ച്ചു ചെയ്തുള്ള കളിയൊക്കെ ചുമ്മാ മനസമാധാനം കളയും കേട്ടോ.ദേ ഞാന്‍ എന്റെ പേരു വച്ച്‌ സെര്‍ച്ചീപ്പം കിട്ടിയ റിസല്‍ട്ടാ..

"അതുപോട്ടേ, ആരാ ഈ കൊച്ചുത്രേസ്യ?"

കാര്യം നമ്മളത്ര ഫെയ്മസൊന്നുമല്ലെങ്കിലും അതു ഗൂഗിളണ്ണന്‍ മുഖത്തു നോക്കി ചോദിച്ചപ്പം ഒരു വിഷമം.

കുട്ടിച്ചാത്തന്‍ said...

ഓഫിനു മാപ്പ്..

ത്രേസ്യാക്കൊച്ചേ ആ എഴുതീതു രണ്ട് ടോണില്‍ വായിക്കാം “ആരാ ഈ കൊച്ചുത്രേസ്യ?” എല്ലാ വാക്കുകള്‍ക്കും ഒരേ വെയിറ്റ് കൊടുത്ത് അപ്പോള്‍ വിഷമം തോന്നും.

പിന്നെ “ആരാ” എന്ന് കണ്ണ് തുറിച്ച് ചോദിച്ചിട്ട് ഈ കൊച്ച് എന്ന് നിര്‍ത്തി നിര്‍ത്തി ചോദിച്ചതായും വായിക്കാം... ആടോണില്‍ ആവാനാ വഴി അഭിമാനിച്ചോ... (ആരാണ്ടോ ഞെട്ടിച്ചോദിച്ചതാ)

സുല്‍ |Sul said...

ഹഹഹ
അതു കൊള്ളാം
വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - ഗൂഗ്ലുക.

വാര്‍ഷികാശംസകള്‍
-സുല്‍

Rasheed Chalil said...

ആപ്പീ ബര്‍ത്ത് ഡേ ഉണ്ണിക്കുട്ടാ... (ഇത് ബ്ലൊഗര്‍ ഉണ്ണിക്കുട്ടന്‍ അല്ല... ബ്ലോഗ് ഉണ്ണിക്കുട്ടനാ...)

krish | കൃഷ് said...

ഉണ്ണിയപ്പം കൊണ്ട് ഓഫടിക്കുന്ന ഉണ്ണിക്കും വയസൊന്നായോ.. ഉണ്ണിയപ്പാശംസകള്‍.

സാജന്‍| SAJAN said...

ആശംസകള്‍!!!

ഉണ്ണിക്കുട്ടന്‍ said...

ശ്രീ.. തേങ്ങയ്ക്കും ആദ്യ കമന്റിനും പ്രത്യേകം പ്രത്യേകം നന്ദി. :)

സാന്‍ഡോ... :)

മനോജേ... :)

ചാത്താ.. ത്രേസ്യക്കു കൊടുത്ത ആശ്വാസകമന്റ് കലക്കി :)

മനൂ...നീ അടി മേടിക്കും :)

മുരളീ.. ഏയ്..ഞാന്‍ അവരെ ശ്രദ്ധിക്കത്തേയില്ലാ.. :)

ഉണ്ണിക്കുട്ടന്‍ said...

ഇക്കാസേ... ആ വില്ലൂസിനു ഞാന്‍ വച്ചിട്ടുണ്ടെന്നു പറഞ്ഞേക്ക്..:)

മൂര്‍ത്തി.. :)

കുഞ്ഞാ...കറക്റ്റ് :)

വേണുവേട്ടാ.. :)

സൂര്യോദയം :)

ഉണ്ണിക്കുട്ടന്‍ said...

ഏറനാടാ..365 ഉണ്ണ്യപ്പോ..! കൊതിപ്പിച്ചു. .:)

പാപ്പരാസീ..ഇനി ഇവിടെത്തന്നെ കാണണം കേട്ടോ.. :)

കൊച്ചുത്രേസ്യേ...അങ്ങിനെത്തന്നെ വേണം..! എന്തെങ്കിലും ഒരു കാര്യം ചെയ്യെരുതെന്നു പറഞ്ഞാ ഓടിപ്പോയി ചെയ്തോണം..അതു പോട്ടെ...ആരാ ഈ കൊച്ചുത്രേസ്യാ..? (കു.ചാത്തന്‍ പറഞ്ഞ പോലെ)

ഉണ്ണിക്കുട്ടന്‍ said...

സുല്ലേ... അതു തന്നെ മോറല്‍ ഓഫ് ദി സ്റ്റോറി ..:)

ഇത്തിരീ.. :)

കൃഷേട്ടാ.. :)

സാജാ.. :)

എല്ലാവര്‍ക്കും നന്ദി.

കുറുമാന്‍ said...

വയസ്സറിയിച്ച ഉണ്ണിക്കുട്ടന് ആശംസകള്‍ (സോറി ഉണ്ണികുട്ടന്റെ ബ്ലോഗിനു ആശംസകള്‍ എന്നു വായിക്കുക)

Mubarak Merchant said...

ന്ന്റ്റെ ബ്ലോഗിങ്ങിനു ദീര്‍ഘായുസ്സ് നേരുന്നു ഉണ്ണിക്കുട്ടാ. :)

ഉണ്ണിക്കുട്ടന്‍ said...

കുറൂസേ.. :) നന്ദി.

ഇക്കാസേ..അതെന്താടാ..മനുഷ്യനെ പേടിപ്പിക്കുന്നോ ..:)

Mr. K# said...

എന്തു പറ്റി ഉണ്ണിക്കുട്ടാ, ഇപ്പൊ കമന്റും പോസ്റ്റുകളും കുറവാണല്ലോ. എന്തായാലും വാര്‍ഷികാശംശകള്‍. ഉണ്ണിക്കുട്ടന്‍ എന്ന പേര് ഞാനും ഒന്നു ഗൂഗിളില്‍ സേര്‍ച്ചി :-)

ഉണ്ണിക്കുട്ടന്‍ said...

കുതിരവട്ടാ..കുറച്ചു തിരക്കിലായിരുന്നു..എല്ലാം വായിക്കാറുണ്ട്.. നന്ദി :)

ക്രിസ്‌വിന്‍ said...

ഏകദേശം 6 മാസത്തോളമായി ഞാന്‍ മലയാളം ബ്ലോഗുകളുടെ നിത്യസന്ദര്‍ശകനാണ്‌.ദയവായി എന്റെ ബ്ലോഗ്‌ വയിച്ച്‌ അഭിപ്രായം പറയാമോ.അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ ...

http://divine-rc.blogspot.com

Anonymous said...

ഉണ്ണിക്കുട്ടാ സഹോദരാ..

ഇതെന്താ മുന്‍ വൈരാഗ്യം ഉള്ളപോലെ പെരുമാറുന്നതു?

ഇയാള്‍ക്കിഷ്ടം ഇല്ലെങ്കില്‍ വായിക്കണ്ട. കേട്ടോ..
എന്തായാലും എഴുതാന്‍ തന്നെയാ വന്നേക്കുന്നെ.

മറ്റൊരാള്‍ | GG said...

ഉണ്ണിക്കൂട്ടാ.. നീ എവിടെ?
എത്രനാളായ് ഒരു പുതിയ പോസ്റ്റ് കണ്ടിട്ട്.
അത് വായിക്കാന്‍ അക്ഷമയോടെ കാത്തിരിക്കുന്ന


മറ്റൊരാള്‍..!

ഗീത said...

പിറന്നാളശംസകള്‍...
( 6 മാസത്തില്‍ കൂടുതല്‍ കഴിഞെങ്കിലും)