Monday, September 17, 2007

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - വാര്‍ഷികപോസ്റ്റ്

ഒഫീസില്‍ വെറുതേയിരുന്ന സമയത്ത് എനിക്കു വേറെ എന്തെല്ലാം ചെയ്യാമായിരുന്നു. നല്ല കുറേ ബ്ലോഗ് വായിക്കാമായിരുന്നു. എവിടേങ്കിലും നല്ല അടി നടക്കുന്ന ബ്ലോഗില്‍ പോയി അല്‍പം പെട്രോള്‍ ഒഴിച്ചു കൊടുക്കാമായിരുന്നു. കന്റീനില്‍ പോയി ഒരു ചായ കുടിച്ചാലും മതിയായിരുന്നു പക്ഷെ ഞാനിതൊന്നും ചെയ്തില്ല. പകരം സമയം പോകാന്‍ മറ്റൊരു വിനോദത്തില്‍ ഏര്‍പ്പെട്ടു. പക്ഷെ നമ്മുടെ ടൈം പീസ് ശരിയല്ലങ്കില്‍ വേണ്ടാത്തതല്ലേ തോന്നൂ..ഗൂഗിള്‍ എടുത്ത് "ഉണ്ണിക്കുട്ടന്‍" എന്നു സെര്‍ച്ചു ചെയ്തു. നമ്മുടെ പേരു തപ്പീം ഗൂഗിള്‍ കുറച്ചു നേരം നടക്കട്ടെ ..ഗൂഗിളും എന്നെപ്പോലെ ബോറടിച്ച് ഇരിക്കുവാണെങ്കിലോ..

"ഡു യു മീന്‍ ഉണ്ണിയപ്പം ?"

എന്നു പുള്ളി തിരിച്ചു ചോദിക്കുമെന്നു കരുതിയിരുന്ന ഞാന്‍ ഞെട്ടിപ്പോയി. ദാണ്ടെ പേജു പേജുകളായി കിടക്കുന്നു റിസല്‍ട്ട്. കാര്യം ബ്ലോഗറില്‍ ഞാന്‍ പലയിടത്തും കറങ്ങി നടന്നിട്ട കമന്റുകളാണെങ്കിലും എന്റെ പേരു പലതവണ ഒരു പേജില്‍ തന്നെ ബോള്‍ഡ് ആയി കിടക്കുന്നതു കണ്ടപ്പോള്‍ എനിക്കുണ്ടായ ഒരു ആത്മനിര്‍വൃതി ! ഹോ. ഒരോരോ റിസല്‍ട്ട് ലിങ്കുകളിലായി ഞാന്‍ കയറിയിറങ്ങി. പണ്ടിട്ട പോസ്റ്റുകളും കമന്റുകളുമൊക്കെ ഒന്നു കൂടി വായിക്കാന്‍ നല്ല രസമുണ്ട്. എന്നെക്കുറിച്ച് ചിലരിട്ട ഞാനതു വരെ കാണാതിരുന്ന ചില കമന്റുകളും കാണാന്‍ പറ്റി. ഫില്‍റ്റര്‍ കോഫി എനിക്കിഷ്ടമില്ലാത്തതു കൊണ്ടു ഞാന്‍ ഫില്‍റ്ററുകളൊന്നും ഉപയോഗിക്കാറില്ലല്ലോ..

അങ്ങനെ ഞാന്‍ പറഞ്ഞതും എന്നെ പറഞ്ഞതുമൊക്കെ ഗൂഗിള്‍ സെര്‍ച്ചു റിസല്‍ട്ടുകളില്‍ വായിച്ചു രസിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ കിടക്കുന്നു ഇങ്ങനെ.


അരോ പറഞ്ഞിരിക്കുന്നു :

"ഉണ്ണിക്കുട്ടന്‍ പറയുന്ന പല ഡയലോഗുകളും പ്രായത്തിനും വിവരത്തിനും യോജിച്ചതല്ല"

ഉണ്ണിക്കുട്ടന്‍ എന്ന പേരു കണ്ട ആരെങ്കിലും കരുത്യോ ഞാന്‍ ടോംസിന്റെ കാര്‍ട്ടൂണിലെ പോലെ ഒരു സ്കൂള്‍ കുട്ടിയാണെന്ന്. 26 വയസ്സുള്ള ഒരു മുട്ടാളനാണു ഞാനെന്ന് ഇതു പറഞ്ഞയാളെ എങ്ങനെ അറിയിക്കും? എന്തിനായിരിക്കും അയാളിതു പറഞ്ഞത്..? പല ബ്ലോഗുകളിലും ദിവസവും പോയി ഓഫടിക്കുന്നതിനാല്‍ ഒരു ഐഡിയയും കിട്ടുന്നില്ല.എന്തിനാണു എവിടെയാണു പറഞ്ഞതെന്നറിഞ്ഞിരുന്നെങ്കില്‍ ..ഒരു മറുപടി ടൈപ്പു ചെയ്യാന്‍ എന്റെ കീബോഡ് തരിച്ചു. അപ്പോഴാണു ഞാന്‍ ബ്ലോഗ് ടൈറ്റില്‍ ശ്രദ്ധിച്ചത്.."ചിത്രവിശേഷം". അതു നമ്മുടെ ഹരിയുടെ ബ്ലോഗല്ലേ..എടാ വിരുതാ..ഓര്‍ക്കുട്ടില്‍ എന്റെ സ്ക്രാപ്പ് ബുക്കില്‍ വന്നു എന്താ പോസ്റ്റിടാത്തെ എന്നൊക്കെ ചോദിച്ചു സ്നേഹം കാണിച്ചിട്ടു നീ ഇങ്ങനെ പറഞ്ഞു കളഞ്ഞല്ലോടാ .. ഹരി തന്നെ ആവണം എന്നുമില്ല ആ ബ്ലോഗില്‍ കമന്റിട്ട ആരെങ്കിലുമാവല്ലോ..

നേരെ വച്ചു പിടിച്ചു ഹരിയുടെ സിനിമാ നിരൂപണ ബ്ലോഗായ ചിത്രവിശേഷത്തിലേക്ക്.നൂറു കണക്കിനു പോസ്റ്റുകളുള്ള ബ്ലോഗില്‍ ഞാനിതെവിടെ പോയി തപ്പും. പൈപ്പും റീഡറും ഒന്നും ഉപയോഗിക്കാത്തതിനാല്‍ സെര്‍ച്ചു ചെയ്യുന്നതെങ്ങനാന്നും പിടിയില്ല. കുട്ടിച്ചാത്തനു സംഭവങ്ങള്‍ വിവരിച്ചു ഒരു മെയില്‍ അയച്ചു.പ്രതികാര ദാഹിയായ എന്നെ എങ്ങനെ എങ്കിലും ഒന്നു സഹായിക്കണം എന്നു മെയിലില്‍ പ്രത്യേകം എഴുതിയിരുന്നു. കുറേ നേരം നോക്കി ഇരുന്നിട്ടും മറുപടിയില്ല. അല്ലേ ഒരു മെയില്‍ അയച്ചാല്‍ ടപ്പേന്നു മറുപടി അയക്കുന്നവനാ..

ഇനി ഒന്നും നോക്കാനില്ല. ഹരിയുടെ ഒരോ പോസ്റ്റും എടുത്തു ctrl+F അടിച്ചു സെര്‍ച്ചു ചെയ്യുക തന്നെ. എല്ലാ കമന്റുകളും അരിച്ചു പെറുക്കി സെര്‍ച്ച് ആരംഭിച്ചു. അധികം പോകേണ്ടി വന്നില്ല. കിട്ടി !! പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതു പോലെ കമന്റിലായിരുന്നില്ല ആ വരി... പോസ്റ്റിലായിരുന്നു... ആകാംക്ഷയോടെ ഞാനാ പോസ്റ്റു വായിച്ചു. നന്‍മ എന്ന സിനിമയുടെ റിവ്യൂവില്‍ ആണ്‌. ആ സിനിമയില്‍ ഉണ്ണിക്കുട്ടന്‍ എന്ന ഏതോ ഒരു കഥാപാത്രത്തിനെകുറിച്ചുള്ള ഹരിയുടെ അഭിപ്രായം ആയിരുന്നന്നത്രേ അത് ! ഹരിയെ അപ്പോ കിട്ടിയിരുന്നെങ്കില്‍ ഞാനൊന്നു കൊടുത്തേനെ...മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കന്‍ ഒരോന്നെഴുതി വച്ചോളും. ഹരിക്കു 'ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം' എന്നെഴുതിയിരുന്നെങ്കില്‍ വല്ല കുഴപ്പവുമുണ്ടാകുമായിരുന്നോ..ഏതായാലും ആരും നമ്മളെ കുറ്റം പറഞ്ഞതല്ലല്ലോ അതോര്‍ത്തപ്പോള്‍ വിഷമമെല്ലാം മാറി.

ഓ അശ്വാസായി എന്നു കരുതി ഒന്നു റെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ ചാത്തനു മെയില്‍ അയച്ചിട്ടുള്ള കാര്യം ഓര്‍ക്കുന്നത്. അവനിനി ഇതാരോടെങ്കിലും ചോദിക്കുന്നതിനു മുന്‍പേ കാര്യം പറഞ്ഞേക്കം. അയച്ചു അടുത്തമെയില്‍ പറ്റിയ അബദ്ധവും പറഞ്ഞ്. ഇത്തവണ ഉടനെ മറുപടി വന്നു. ഒരു ചിരിയും 'ഇതൊരു പോസ്റ്റിനുണ്ടല്ലോടാ' എന്നൊരു ആപ്പും. അലോചിച്ചപ്പോ ഇതൊരു പോസ്റ്റാക്കാം എന്നെനിക്കും തോന്നി. സംഭവം നടന്നിട്ടു മാസങ്ങളായിയെങ്കിലും ഇന്നാണ്‌ എഴുതാന്‍ പറ്റിയത്.

മറ്റൊരു കാര്യം കൂടി, എന്റെ ബ്ലോഗിനു ഒരു വയസ്സായ വിവരം ഞാന്‍ തന്നെ ഇന്നാണറിഞ്ഞത്. എന്റെ ബ്ലോഗിന്റെ ഈ ഹാപ്പി ബര്‍ത്തഡേ അവസരത്തില്‍ നല്ലവരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.