Wednesday, April 25, 2007

കുട്ടിപ്പാര

ഇത്തവണ നാട്ടിലേക്കു പോകാന്‍ ട്രയിന്‍ ടിക്കറ്റ്‌ കിട്ടിയില്ല. ശബരിമല തീര്‍ഥാടകര്‍ എല്ലാം ബുക്ക്‌ ചെയ്തു തീര്‍ത്തിരുന്നു. ഒരു കസിന്റെ കല്യാണം ഉള്ളതിനാല്‍ പോകാതെ പറ്റില്ല. അങ്ങനെ ചെന്നൈ - ആലപ്പി ട്രയിന്‍ - ന്റെ അണ്‍ - റിസര്‍വ്‌ഡ്‌ കമ്പാര്‍ട്മെന്റില്‍ ഞാന്‍ ഒരു വിധം കയറിപ്പറ്റി. മിലിറ്ററി റിസര്‍വ്‌ഡ്‌ കമ്പാര്‍ട്‌മന്റ്‌ ആയിരുന്നെങ്കിലും അവര്‍ "എറങ്ങിപ്പോടാ" എന്നു പറയാതിരുന്നതിനാല്‍ ഇരിക്കാന്‍ സീറ്റും കിട്ടി. കൃത്യ സമയത്തു തന്നെ കേരളം ലക്ഷ്യമാക്കി വണ്ടി കൂകിപ്പാഞ്ഞു.രാത്രി ഒരു വിധം ഇരിന്നും നടന്നും ഒക്കെ കഴിച്ചു കൂട്ടി. ഒരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ആളുകള്‍ ഞങ്ങളുടെ കമ്പാര്‍ട്മെന്റില്‍ കയറാന്‍ ഓടി വന്നെങ്കിലും മിലിട്ടറിക്കാര്‍ അവരെ കയറ്റി ഇല്ല. അങ്ങനെ ഒരു വിധം നേരം വെളുപ്പിച്ചു. ട്രയിന്‍ ഇപ്പോള്‍ ഓടുന്നത്‌ കേരളത്തിന്റെ വിരിമാറിലൂടെയാണ്‌. പാലക്കാട്‌ സ്റ്റേഷന്‍ എത്തിയപ്പോള്‍ കുറെ യാത്രക്കാര്‍ ഞങ്ങളുടെ ഓടിക്കയറി. മിലിട്ടറിക്കാര്‍ അവരെ തടയാന്‍ മെനക്കെട്ടില്ല. ഇനി കുറച്ചല്ലേ ഉള്ളൂ യാത്ര എന്നവര്‍ കരുതിക്കാണണം. അതോ പ്രബുദ്ധരായ മലയാളികളെ തടഞ്ഞാലും അവര്‍ കയറും എന്നവര്‍ കരുതിക്കാണുമോ?

പാലക്കാടു നിന്നു കയറിയ ഒരു മുസ്ലീം കുടും ബം എന്റെ ചുറ്റുമായി ഇരുപ്പുറച്ചു. കൂട്ടത്തില്‍ ഒരു കോമളാംഗയായ മുസ്ലീം പെണ്‍ കൊടിയുമുണ്ട്, എന്റെ ഓപ്പോസിറ്റായി. ചുറ്റും ഇരിക്കുന്നവരില്‍ അവളുടെ ബാപ്പയും അമ്മാവന്മാരുമൊക്കെ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ വളരെ മാന്യമായി അവളെ ഒളിങ്കണ്ണിട്ടു നോക്കി. അവളെന്നെയും .അവളേക്കാള്‍ എനിക്കു ഗ്ലാമര്‍ ഉള്ളതിന്റെ കോമ്പ്ലെക്സ് അടിച്ചു എന്നു തോന്നുന്നു (കോപ്പാ..) പിന്നെ അവള്‍ ആ ഏരിയായിലേക്കു നോക്കീല്ല. എനിക്കു പിന്നെ ആ പ്രശ്നമൊന്നുമില്ലല്ലോ. ദുര്‍ബലന്‍ പറയുന്ന പോലെ "മുസ്ലീമാ.. സാരമില്ല എന്റെ വീട്ടില്‍ ഞാന്‍ സമ്മതിപ്പിച്ചോളാം" എന്ന മട്ടില്‍ ഞാനിരുന്നു.

അവരുടെ കൂടെ ഒരു 5-6 വയസുള്ള ഒരു കുസൃതിക്കുടുക്കയും ഉണ്ടായിരുന്നു. എല്ലാവരുടേയും ശ്രദ്ധ അവളുടെ കൊഞ്ചി കൊഞ്ചി ഉള്ള സംസാരത്തിലും കളികളിലുമാണ്.

"ഒന്നടങ്ങീരിക്കെന്റെ റസിയമോളെ" അവളുടെ ഉമ്മ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വീണ്ടും നമ്മുടെ കോമളാംഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മൊബൈല്‍ ഗെയിം കളിക്കുന്ന പോസില്‍ ഇരുന്നാണ്‌ വായി നോട്ടം.

"ന്റെ ഒരു ഫോട്ടോടുക്ക്വോ..?"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കുസൃതിക്കുടുക്ക റസിയയാണ്‌.
മൊബൈലിന്റെ വാള്‍ പേപ്പറായി ഇട്ടിരുന്നത് ചേച്ചിയുടെ കുട്ടിയുടെ ഫോട്ടോയായിരുന്നു. ജി പി ആര്‍ എസ് വഴി കയറ്റിയത്. അതു കണ്ടിട്ട് കുട്ടി എന്റേത് കാമറാ ഫോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പണിയായല്ലോ..? കൊച്ചു നാണം കെടുത്തിയേ അടങ്ങൂ. കോമളാംഗ കൌതുകത്തോടെ എല്ലാം നോക്കുന്നുണ്ട്. എന്റെ ഫോണില്‍ കാമറ ഇല്ലെന്നെങ്ങനെ പറയും..? വേണ്ട.. തത്കാലം കുട്ടിയെ പറ്റിക്കാം .

"മോളൊന്നു ചിരിച്ചേ..സ്മൈല്‍.."

70 mm ചിരി ചിരിച്ച് അവള്‍ നിഷ്കളങ്കമായി എന്റെ 'വിര്‍ച്ച്വല്‍ ' കാമറക്കു പോസ് ചെയ്തു.

"ക്ലച്ചക്ക്"

ഞാന്‍ കാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദം കൂടെ ഉണ്ടാക്കി. ചുമ്മാ.. കിടക്കട്ടെ..ഒരു എഫെക്ടിന്.

"എവ്ടേ...കാണട്ടേ..."

കുട്ടി ഓടിവന്നെന്റെ അടുത്തിരുന്നു. എടുത്ത ഫോട്ടോ കാണാനുള്ള വരവാ.ഇവള്‍ എന്നേം കൊണ്ടേ പൊകൂ. എന്റടുത്താ അവളുടെ കളി. വീണ്ടും എന്റെ തലയില്‍ ആപ്പിള്‍ വീണു. വാള്‍ പേപ്പര്‍ തന്നെ കാണിച്ചു കൊടുക്കാം ! വല്യ ക്ലാരിറ്റി ഒന്നുമില്ലാത്ത ഫോട്ടോ ആണു കിടക്കുന്നേ. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ പോലെ, അവനവനു പോലും തിരിച്ചറിയാന്‍ പറ്റില്ല. അതു കാട്ടി അവളുടെ ഫോട്ടൊ ആണെനു പറഞ്ഞാല്‍ വിശ്വസിച്ചോളും പാവം .ഞാന്‍ കണക്കു കൂട്ടി.

അവള്‍ ഫോണില്‍ കുറച്ചു നേരം സൂക്ഷിച്ചു നോക്കി. മുഖത്താകെ സം ശയം . വീണ്ടും വീണ്ടും നോക്കി. എന്നിട്ടെന്റെ ഓപ്പോസിറ്റായി ഇരിക്കുന്ന കോമളാംഗയെ ചൂണ്ടിക്കാട്ടി ഒരൊറ്റച്ചോദ്യം..

"ഇദീ ഇത്താടെ ഫോട്ടോല്ലേ...?"

ഈശ്വരാ..!! ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു. എന്തൊരു നിഷ്കളങ്കമായ പാര!! .അടി എപ്പോ തുടങ്ങും എന്നു മാത്രമേ എനിക്കപ്പൊ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രായപൂര്‍ ത്തിയായ പെണ്‍ കുട്ടിയുടെ ഫൊട്ടോ അവളറിയാതെ എടുത്തു എന്ന മാരകമായ കുറ്റമാണ്‌ എന്റെയും , കാമറ പോയിട്ട് ഒരു 'കാ' പോലും ഇല്ലാത്ത എന്റെ ഫോണിന്റേയും പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.അതും വേണ്ടാത്ത ജാഡ കാണിക്കാന്‍ നോക്കീട്ട്.എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി ഇരിക്കുവാണ്. ആരാദ്യം തല്ലും എന്ന കണ്‍ഫ്യൂഷനില്‍ ആണോ..?

"അയ്യേ.. ഈ... കൊച്ചിന്റെ... ഒരു കാര്യം....ഇതില്‌ കാമറ.. ഒന്നൂല്ല..ഞാന്‍ വെറ്തേ...പറ്റിക്കാന്‍ ..ദേ നോക്ക്യേ...കണ്ടാ..."

സാന്റോസിന്റെ കമന്റു പോലെ വാക്കുകള്‍ മുറിഞ്ഞു പീസ് പീസയി വീണു. മൊബൈല്ന്റെ പരസ്യത്തിലെപ്പോലെ അതു 360 ഡിഗ്രി കറക്കിക്കൊണ്ടാണ്‌ അത്രയും ഞാന്‍ പറഞ്ഞോപ്പിച്ചത്. ഏതായാലും ആരും തല്ലിയില്ല. അവര്‍ക്കു എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടോ എന്തോ.. ഉറപ്പായിരുന്ന ഒരു അടി ഒഴിവായതിന്റെ ആശ്വാസത്തില്‍ ഞാന്‍ ഒന്നമര്‍ന്നിരുന്നു.വീണ്ടും കോമളാംഗയെ നോക്കനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി എനിക്കു കേള്‍ക്കാമായിരുന്നു.